വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യുന്ന കപ്പലുകളുടെ എണ്ണം നാളെ ആയിരത്തിലെത്തും. എംഎസ്‍സിയുടെ മദർഷിപ്പ് ലൂസിയാനയാണ് ചരിത്രം കുറിച്ച് ബെർത്ത് ചെയ്യുന്ന ആയിരാമത്തെ കപ്പൽ. ആദ്യ കപ്പലെത്തി രണ്ട് വർഷം പൂർത്തിയാകും മുമ്പേയാണ് വിഴിഞ്ഞം ഈ സുപ്രധാന നാഴികക്കല്ല് പിന്നിടുന്നത്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നാളെ ആയിരം തൊടും. വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്ത കപ്പലുകളുടെ എണ്ണം നാളെയോടെ ആയിരത്തിലെത്തും. എംഎസ്‍സിയുടെ മദർഷിപ്പ് ലൂസിയാന നാളെ വൈകീട്ടോടെ ചരിത്രം കുറിച്ച് ബെർത്ത് ചെയ്യും. ആദ്യ കപ്പലെത്തി രണ്ട് വർഷം പൂർത്തിയാകും മുമ്പേയാണ് വിഴിഞ്ഞം ആയിരം തികയ്ക്കുന്നത്.
2024 ജൂൺ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്. മെഴ്സ്കിന്റെ സാൻഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്തില്‍ നങ്കൂരമിട്ടിട്ട് നാളെ 713 ദിവസം തികയുകയാണ്. വിഴിഞ്ഞത്തെത്തുന്ന ഒന്നാമത്തെ കപ്പലായിരുന്നു മെസ്ക്കിന്‍റെ സാൻഫെർണാണ്ടോ. നാളെ വിഴിഞ്ഞത്ത് നങ്കൂരമിടുന്ന കപ്പലുകളുടെ എണ്ണം ആയിരത്തിലെത്തുകയാണ്. മെഡിറ്റനേറിയൻ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്‍സി ലൂസിയാന പുറംകടലിലുണ്ട്. നാളെ വൈകീട്ട് അഞ്ച് മണിയോടെ കപ്പൽ വിഴിഞ്ഞത്ത് ബർത്ത് ചെയ്യും.
ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിൽ ഒന്നാം സ്ഥാനത്താണ് വിഴിഞ്ഞം തുറമുഖം. ഇതുവരെ ഇന്ത്യൻ തീരത്തടുക്കാത്ത വമ്പത്തി കപ്പലുകളെല്ലാം വിഴിഞ്ഞെത്തി. വമ്പത്തികളിലെ വമ്പത്തി ഐറീന വിഴിഞ്ഞം തൊട്ടിട്ട് ഒരു വർഷം കഴിഞ്ഞു. റോഡ് മാർഗമുള്ള ചരക്ക് നീക്കവും ഉടൻ തുടങ്ങും. തുറമുഖത്തെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

