പത്ത് മിനിറ്റിൽ കൊവിഡ് ഫലം: അതിനൂതന കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്

By Web TeamFirst Published Apr 16, 2020, 10:01 PM IST
Highlights

കൊവിഡ് വ്യാപനം തടയാൻ കുറഞ്ഞ ചെലവിൽ കൂടുതൽ പരിശോധനക്കായി രാജ്യമാകെ തീവ്രശ്രമം നടത്തുമ്പോഴാണ് വലിയ നേട്ടമായി ശ്രീചിത്രയുടെ കണ്ടെത്തൽ.

തിരുവനന്തപുരം: കൊവിഡ് കണ്ടെത്താൻ നൂറുശതമാനം കൃത്യതയുള്ള നൂതന കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്. 10 മിനുട്ട് കൊണ്ട് ഫലം ലഭിക്കുന്ന പരിശോധന ലോകത്ത് തന്നെ ആദ്യമാണെന്ന് ശ്രീചിത്ര അവകാശപ്പെടുന്നു. വ്യാവസായികാടിസ്ഥാനത്തിൽ കിറ്റ് ഉടൻ പുറത്തിറങ്ങും.

കൊവിഡ് വ്യാപനം തടയാൻ കുറഞ്ഞ ചെലവിൽ കൂടുതൽ പരിശോധനക്കായി രാജ്യമാകെ തീവ്രശ്രമം നടത്തുമ്പോഴാണ് വലിയ നേട്ടമായി ശ്രീചിത്രയുടെ കണ്ടെത്തൽ. നിലവിൽ നടത്തുന്ന പിഎസിആർ സ്രവപരിശോധനയെക്കാൾ അതിവേഗത്തിൽ ഫലം കിട്ടുന്നതും കൃത്യതയുമാണ് പ്രത്യേകത.

വൈറസിലെ എൻ - ജീൻ കണ്ടെത്തി പരിശോധിക്കുന്ന പരിശോധനയിലൂടെ വൈറസിന്റെ 2 മേഖലകൾ കണ്ടെത്താനാകും. ഇതിനാൽ  വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഫലം കൃത്യമായിരിക്കും. 10 മിനുട്ട് കൊണ്ട് ഫലം ലഭിക്കും. സാംപിൾ എടുക്കുന്നത് മുതൽ ഫലം വരുന്നത് വരെ വേണ്ടത് 2 മണിക്കൂറിൽ താഴെ.  

ഒരു മെഷീനിൽ ഒരു ബാച്ചിൽ 30 സാംപിളുകൾ വരെ പരിശോധിക്കാനാകും. മൊത്തം കണക്കാക്കിയാൽ ഒരു പരിശോധനക്ക് ആയിരം രൂപയിൽ താഴെ മാത്രമേ ചെലവ് വരൂ.  ഐസിഎംആർ നിർദേശ പ്രകാരം ആലപ്പുഴ വൈറാളജി ലാബിൽ നടത്തിയ പരിശോധനയിൽ നൂറുശതമാനം കൃത്യതയാണ് രേഖപ്പെടുത്തിയത്. ഇതോടെ തുടർനടപടികൾ വേഗത്തിലാകും.

നേരത്തെ ക്ഷയരോഗംകണ്ടെത്തുന്നതിനുള്ള കിറ്റ് വികസിപ്പിച്ചതിന് തുടർച്ചയായാണ് കൊറോണ കണ്ടത്താനുള്ള കിറ്റും വികസിപ്പിക്കാനായത്.  3 ആഴ്ച്ച കൊണ്ടാണ് ശ്രമം വിജയത്തിലെത്തിയത്. കിറ്റും ആർ.ടി ലാമ്പ് മെഷീനും നിർമ്മാണത്തിനായി അഗാപ്പെ എന്ന സ്വകാര്യ കമ്പനിക്ക് കൈമാറിക്കഴിഞ്ഞു. കിറ്റിൻ്റെ നിർമ്മാണം വേഗത്തിലാക്കാൻ നീതി ആയോഗ്  നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ ഈ കിറ്റ് വഴിയുള്ള പരിശോധന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

click me!