ടെണ്ട‍ർ തുക നിശ്ചയിച്ചത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി; വിശദീകരണവുമായി കെഎസ്ഐഡിസി

By Web TeamFirst Published Aug 22, 2020, 5:35 PM IST
Highlights

ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയാണ് 135 രൂപ എന്ന തുക നിശ്ചയിച്ചതെന്ന് കെഎസ്ഐഡിസി വിശദീകരിക്കുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ ടെണ്ടർ വിളിച്ചത് അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സഹായം തേടിയാണെന്ന ആരോപണത്തിൽ വിശദീകരണവുമായി സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി. വിമാനത്താവളത്തിൽ എത്തുന്ന ഒരു യാത്രക്കാരന് 135 രൂപ എന്ന നിരക്കാണ് നടത്തിപ്പിനുള്ള കരാർ ലഭിക്കാൻ സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്തത്. 168 രൂപ അദാനിക്ക് ഇതോടെ കരാർ കിട്ടി. 

ചീഫ് സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയാണ് 135 രൂപ എന്ന തുക നിശ്ചയിച്ചതെന്ന് കെഎസ്ഐഡിസി വിശദീകരിക്കുന്നു. ടെണ്ടർ നടപടികൾക്കുള്ള നിയമസഹായം തന്ന അമർചന്ദ് മംഗൾ ദാസ് എന്ന സ്ഥാപനത്തിന് ഇതുമായി ബന്ധമില്ലെന്നും കെഎസ്ഐഡിസി വ്യക്തമാക്കുന്നു. 

വിമാനത്താവള നടത്തിപ്പ് ലഭിച്ച അദാനിയെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാറിനെ വെട്ടിലാക്കുന്ന ടെണ്ടർ വിവരങ്ങളാണ് പുറത്തുവന്നത്. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുക്കാനായി വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനമായ കെഎസ്ഐഡിസി മുടക്കിയത് രണ്ട് കോടിയിലേറെ രൂപ. സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളിൽ നിന്ന് .കെപിഎംജിയും പിന്നെ സിറിൽ അമർചന്ദ് മംഗൾദാസും. 

നിയമസ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസും ടെണ്ടർ നേടിയും അദാനിയും തമ്മിലെ ബന്ധമാണ് സർക്കാറിനെ കുരുക്കുന്നത്.. സ്ഥാപനത്തിൻറെ മാനേജിംഗ് പാർട്ണർ സിറിൽ ഷ്രോഫിൻറെ മകൾ പരീധി ഗൗതം അദാനിയുടെ മകൻ കരൺ അദാനിയുടെ ഭാര്യയാണ്. പരിധിക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടെന്ന് ലിംഗ്ഡിൻ പ്രൊഫൈൽ വ്യക്തമാക്കുന്നു. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കെഎസ്ഐഡിസി ടെണ്ടറിൽ ക്വാട്ട് ചെയ്തത് 135 രൂപയായിരുന്നു. 168 നിർദ്ദേശിച്ച അദാനിക്ക് ടെണ്ടർ കിട്ടി. 

ഒന്നാമെതെത്തിയ കമ്പനിയും കെഎസ്ഐഡിസി തുകയും തമ്മിൽ പത്ത് ശതമാനത്തിൻറെ വ്യത്യാസമേ ഉള്ളൂ എങ്കിൽ റൈറ്റ് ഓഫ് റഫ്യൂസൽ പ്രകാരം കെഎസ്ഐഡിസിക്ക് വീണ്ടും ക്വാട്ട് ചെയ്യാൻ കേന്ദ്രം സമ്മതിച്ചിരുന്നു. എന്നാൽ അതിനും മുകളിലാണ് അദാനി നിർദ്ദേശിച്ച തുക എന്നത് കൊണ്ടാണ് കെഎസ്ഐഡിസിക്ക് കരാർ കിട്ടാതിരുന്നത്. ടെണ്ടർ തുക നിശ്ചയിക്കുന്നതിൽ സിറിൽ അമർചന്ദ് മംഗൾദാസ് എന്തെങ്കിലും നിർദ്ദേശം നൽകിയോ എന്ന് ഇതുവരെ വ്യക്തമല്ല. അദാനി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സഹായം തേടിയത് രാഷ്ട്രീയവിവാദമവുമായി

വിമാനത്താവളനടത്തിപ്പിൽ നിയമ-രാഷ്ട്രീയപ്പോര് കടുപ്പിക്കുന്ന സർക്കാറിന് അദാനിബന്ധമുള്ള സ്ഥാപനവുമായുള്ള സഹകരണമടക്കം ഇനി വിശദീകരിക്കേണ്ടിവരും. അതേസമയം തിരുവനന്തപുരം വിമാനത്താവള ടെണ്ടറിൽ അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സർക്കാർ സഹായം തേടിയത് തെളിഞ്ഞ സാഹചര്യത്തിൽ പ്രശ്നത്തിൽ സർക്കാറുമായി ഇനി പ്രതിപക്ഷം സഹകരിക്കേണ്ടെന്ന നിലപാടിലേക്ക് യുഡിഎഫ് നേതൃത്വം എത്തിയതായാണ് സൂചന. 

വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് നേരത്തെ മുതൽ യുഡിഎഫ് നിലപാട് സ്വീകരിച്ചത്. ഇതേ തുടർന്നാണ് ഇക്കാര്യത്തിൽ സമാന നിലപാടുള്ള സംസ്ഥാന സർക്കാരുമായി യോജിച്ച് മുന്നോട്ട് പോകാൻ പ്രതിപക്ഷം തീരുമാനിച്ചത്. എന്നാൽ അദാനിയുമായി ലേലം അട്ടിമറിക്കാൻ ഒത്തു കളിച്ചെന്ന ആരോപണം വന്നതോടെ ഈ തീരുമാനത്തിൽ നിന്നും യുഡിഎഫ് പിന്നോട്ട് പോകുകയാണ്. ടെണ്ടർ മന:പ്പൂർവ്വം തോൽക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് വ്യക്തമായതായി കെഎസ് ശബരിനാഥൻ എംഎൽഎ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്തസമരവും സർവ്വകക്ഷിയോഗവുമെല്ലാം പ്രഹസനമാണെന്നും ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു

click me!