
വാഷിംഗ്ടൺ: യുഎസ് ദേശീയ താൽപ്പര്യം മുൻനിർത്തി 'സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒഴിവാക്കി. ഗ്രഹാം നിയമപ്രകാരമുള്ള ഉപരോധങ്ങളും തീരുവകളുമാണ് താൻ ഒഴിവാക്കുന്നതെന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് വ്യക്തമാക്കി. ഇളവ് അനുവദിക്കുന്നത് അമേരിക്കയുടെ ദേശീയ താൽപ്പര്യത്തിന് അത്യന്താപേക്ഷിതമാണെന്ന് കാണിച്ച് കോൺഗ്രസിന് ഔദ്യോഗിക സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
റഷ്യയുടെ ഊർജ മേഖലയെയും രാജ്യത്ത് നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യമിട്ട് കൊണ്ടുള്ള ലിൻഡ്സെ ഒ. ഗ്രഹാം നിയമം സെപ്റ്റംബർ 18നാണ് ട്രംപ് ഒപ്പുവെച്ചത്. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയമം കൊണ്ടുവന്നത്. റഷ്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 500 ശതമാനം വരെ വർദ്ധിപ്പിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു. കൂടാതെ, ഒക്ടോബർ 18നോ അതിനുശേഷമോ റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഈ തീരുവകളാണ് ഇപ്പോൾ ട്രംപ് ഒഴിവാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ നിലപാടും വ്യാപാര ബന്ധങ്ങളും
റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യ, അധിക താരിഫുകൾ ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷിതവും മിതമായ നിരക്കിലുള്ളതുമായ ഊർജ ലഭ്യത ഉറപ്പാക്കുകയാണ് രാജ്യത്തിന്റെ ഊർജ നയമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. യുഎസിന്റെ പുതിയ പ്രഖ്യാപനത്തെ ചൈനയും എതിർത്തിരുന്നു.
ഇന്ധനവിലയും ഇടക്കാല തെരഞ്ഞെടുപ്പും
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎസിൽ വർദ്ധിച്ചുവരുന്ന ഊർജ ചെലവുകൾക്കിടയിലാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നടപടികൾ നടപ്പിലാക്കുന്നത് എണ്ണവില വീണ്ടും വർദ്ധിക്കാൻ ഇടയാക്കുമെന്നും, ഇത് നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ ഉപഭോക്താക്കൾക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുമെന്നും വിലയിരുത്തപ്പെടുന്നു. ആഗോള വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനായി റഷ്യൻ ഡീസൽ കയറ്റുമതിക്ക് അനുമതി നൽകിയ ട്രംപിന്റെ നടപടിക്കെതിരെ ചില സെനറ്റർമാർ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. റഷ്യയ്ക്ക് യുക്രൈൻ യുദ്ധത്തിനുള്ള ഫണ്ട് കണ്ടെത്താൻ ഇത് സഹായിക്കുമെന്നാണ് വിമർശനം.
യുഎസിലെ ഇന്ധനവില വർദ്ധനവും ഉപരോധ ഇളവുകളും ചർച്ചയാകുന്നതിനിടയിലാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുംബൈയിലും ജാംനഗറിലുമുള്ള സന്ദർശനത്തിനായി എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സ്ഥിതി ചെയ്യുന്ന ജാംനഗറിലെത്തി റിലയൻസ് ഇൻഡസ്ട്രീസ് അധികൃതരുമായി അദ്ദേഹം ചർച്ച നടത്തും. അമേരിക്കയിൽ കഴിഞ്ഞ 50 വർഷത്തിനിടയിലെ ആദ്യ റിഫൈനറി സ്ഥാപിക്കാനുള്ള റിലയൻസിന്റെ പദ്ധതികളും സന്ദർശനത്തിൽ ചർച്ചയാകും. റഷ്യൻ എണ്ണ ഇറക്കുമതിയും ഉപരോധങ്ങളും കൈകാര്യം ചെയ്യുന്നതിനൊപ്പം ആഭ്യന്തര ഊർജ പ്രതിസന്ധികൾക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ട്രംപ് ഭരണകൂടം.
റഷ്യയുടെ എണ്ണ-വാതക വാങ്ങലുകളും ഉപരോധങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലുകളും നിരീക്ഷിക്കാൻ യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിന് ഉത്തരവ് നൽകിയിട്ടുണ്ട്. ഭാവിയിൽ കൂടുതൽ നടപടികൾ ആവശ്യമായി വരുന്ന സാഹചര്യങ്ങൾ ഉദ്യോഗസ്ഥർ പ്രസിഡന്റിനെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്. ഭരണകൂടം തുടർനടപടികൾ സ്വീകരിക്കുന്നത് വരെ ഈ ഇളവുകൾ നിലവിലുണ്ടാകും. മുൻകാല ഉത്തരവുകൾ പ്രകാരം റഷ്യക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള മറ്റ് ഉപരോധങ്ങളെ ഈ ഉത്തരവ് ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam