എറണാകുളം: ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ട്രെയിൻ ടിക്കറ്റ് പരിശോധകന്‍റെ കൈ തിരിച്ചൊടിച്ച് യാത്രക്കാരൻ. എറണാകുളം ഡിവിഷനിലെ ടിടിഇയും ആന്ധ്രാ സ്വദേശിയുമായ ചന്ദ്രബാബു ചിന്തിതയെയാണ് ഉത്തരേന്ത്യൻ സ്വദേശിയായ യാത്രക്കാരൻ ആക്രമിച്ചത്. അസമിലെ ദിബ്രുഗഢിൽ നിന്ന് കന്യാകുമാരി വരെ പോകുന്ന വിവേക് എക്സ്പ്രസിൽ ഇന്ന് രാവിലെയാണ് സംഭവം. രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രാപാതയുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്.
ടിക്കറ്റില്ലാതെയാണ് ഇയാൾ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തിരുന്നത്. ടിക്കറ്റെവിടെയെന്ന് ടിടിഇ ചോദിച്ചപ്പോൾ ആദ്യം ഇയാൾ തരാമെന്ന് പറഞ്ഞു. പിന്നീട് ടിക്കറ്റില്ലെന്ന് മനസ്സിലായി. ടിക്കറ്റ് എടുക്കണമെന്ന് കർശനമായി പറഞ്ഞതോടെ വാക്കുതർക്കമായി. ഇതിനിടെയാണ് യാത്രക്കാരൻ ടിടിയെ ആക്രമിച്ചത്.
ടിടിഇയെ മർദ്ദിച്ച യാത്രക്കാരൻ കൈ പിടിച്ച് തിരിച്ചൊടിക്കുകയായിരുന്നു. ഉറക്കെ ടിടിഇ നിലവിളിച്ചതോടെ, ഇയാൾ അടുത്ത ചോച്ചിലേക്ക് ഓടി. തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷന് ഏതാണ്ട് അടുത്തെത്തിയപ്പോൾ പ്ലാറ്റ്‍ഫോമിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.
ആരാണ് ആക്രമിച്ച യാത്രക്കാരനെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കോട്ടയം ആർപിഎഫ് സ്റ്റേഷനിലെത്തി ടിടിഇ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആർപിഎഫ് വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam