
തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസ്സുകളിലെ 'L' രൂപത്തിലെ കുത്തനെയുള്ള സീറ്റുകൾ കാരണം ഏറെ പ്രയാസപ്പെട്ടിരുന്ന യാത്രക്കാർക്ക് ആശ്വാസവാർത്ത. നാളെ (ഒക്ടോബർ 11) മുതൽ ജനശതാബ്ദി എക്സ്പ്രസ്സുകളിൽ പുഷ്ബാക്ക് സീറ്റുകൾ ഉൾപ്പെടുത്തിയ പുതിയ എൽ.എച്ച്.ബി (LHB) നോൺ-എസി ചെയർ കാർ കോച്ചുകൾ സർവീസ് ആരംഭിക്കും. റെയിൽവേയുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പ്. രണ്ടു ഘട്ടങ്ങളിലായാണ് ഈ പുഷ്‌ബാക്ക് സീറ്റുകൾ ട്രെയിനുകളിൽ ലഭ്യമാകുക.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്സിൽ (12082) നാളെ മുതൽ ഇരുവശങ്ങളിലേക്കുമുള്ള യാത്രകളിൽ പുഷ്ബാക്ക് സീറ്റുകളോട് കൂടിയ കോച്ചുകൾ ലഭ്യമാകും. രണ്ടാം ഘട്ടത്തിൽ തിരുവനന്തപുരം - കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സിലും (12076/12075) ഉടൻ തന്നെ പുഷ്ബാക്ക് സീറ്റുകൾ സജ്ജമാക്കും. ദീർഘദൂര യാത്രകളിൽ മുൻപത്തെ കുത്തനെയുള്ള സീറ്റുകൾ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി യാത്രക്കാരിൽ നിന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ മെച്ചപ്പെട്ട സൗകര്യങ്ങളോടെയുള്ള പുഷ്ബാക്ക് സീറ്റുകൾ അവതരിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam