
കൊച്ചി: പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്ക് വീണ്ടും സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം കനക്കുന്നു. പ്രാദേശിക പാർട്ടി ഘടകങ്ങളിൽ നിന്നുള്ള എതിർപ്പിനൊപ്പം സിറോ മലബാർ സഭ നിലപാടും കൂടി ചേർന്നതോടെയാണ് എൽദോസിൻ്റെ സീറ്റ് ത്രിശങ്കുവിലായത്. സീറോ മലബാർ സഭ നിർദ്ദേശിച്ച മനോജ് മൂത്തേടന് സാധ്യത ഏറിയതോടെ പ്രാദേശിക പാർട്ടി ഘടകങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമം എൽദോസ് കുന്നപ്പിള്ളിയും തുടങ്ങി.
തൃപ്പൂണിത്തുറയൊഴികെ മറ്റെല്ലായിടത്തും സിറ്റിംഗ് എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്ന് കരുതിയിടത്തു നിന്നാണ് കോൺഗ്രസിൽ പെരുമ്പാവൂർ പ്രതിസന്ധി ഉടലെടുത്തത്. എൽദോസ് കുന്നപ്പിള്ളിൽ വീണ്ടും മത്സരിക്കുന്നതിൽ പ്രാദേശിക ഘടകങ്ങൾക്കുള്ള എതിർപ്പ് കോൺഗ്രസ് നേതൃത്വത്തിന് മുന്നിലുണ്ടായിരുന്നു. എംഎൽഎയ്ക്കെതിരെ ഉള്ള പീഡന കേസടക്കം ചൂണ്ടിക്കാട്ടി ചില പരാതികളും പാർട്ടിക്ക് മുന്നിലെത്തിയിരുന്നു. ഇതിനൊപ്പം സിറോ മലബാർ സഭയുടെ എതിർപ്പ് കൂടി വന്നതോടെയാണ് കുന്നപ്പിള്ളിക്ക് വീണ്ടും സീറ്റ് നൽകുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ആശയക്കുഴപ്പം ഉടലെടുത്തത്.
എറണാകുളം ജില്ലയിൽ സീറോ മലബാർ സഭ അംഗങ്ങളായ മൂന്ന് എംഎൽഎമാർ കോൺഗ്രസിൽ ഉണ്ടായിരുന്നുവെന്നും ഇപ്പോളാ പ്രാതിനിധ്യം അങ്കമാലി എംഎൽഎ റോജി എം ജോണിൽ മാത്രമായി ഒതുങ്ങിയെന്നുമാണ് സഭ നേതൃത്വത്തിൻ്റെ പരാതി. ഈ പശ്ചാത്തലത്തിലാണ് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം സഭ പാർട്ടി നേതൃത്വത്തിന് മുന്നിൽ വെച്ചത്. എന്നാൽ തൻ്റെ വിശ്വസ്തനായ സ്ഥലം എംപി ബെന്നി ബഹനാന്റെ എതിർപ്പും എൽദോസിന് വിനയായി. എൽദോസിനെ മാറ്റി എ ഗ്രൂപ്പുകാരനായ മനോജ് മൂത്തേടന് സീറ്റ് കൊടുക്കാനുള്ള നീക്കത്തിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിലാണ്. എൽദോസിനെ മാറ്റുകയാണെങ്കിൽ ഐ ഗ്രൂപ്പുകാരനായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിന് സീറ്റ് നൽകണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ഉല്ലാസും യാക്കോബായ സഭാ വിശ്വാസിയാണ്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിന്റെയും അന്തരിച്ച കോൺഗ്രസ് നേതാവ് ടി എച്ച് മുസ്തഫയുടെ മകൻ സക്കീർ ഹുസൈന്റെയും പേരുകളും അപ്രതീക്ഷിതമായി പെരുമ്പാവൂരിലെ സ്ഥാനാർത്ഥി ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്.
11 മണ്ഡലം പ്രസിഡൻ്റുമാരുടെയും പിന്തുണ കത്ത് വാങ്ങി സീറ്റ് സുരക്ഷിതമാക്കാൻ എൽദോസ് ശ്രമിച്ചെങ്കിലും അഞ്ച് പേർ മാത്രമാണ് എൽദോസിന് അനുകൂല നിലപാട് എടുത്തത് എന്നാണ് സൂചന. ആശയക്കുഴപ്പമുണ്ടെങ്കിലും അവസാനം സീറ്റ് കിട്ടുമെന്ന ആത്മവിശ്വാസമാണ് എൽദോസ് വിശ്വസ്തരോടെല്ലാം പങ്കുവയ്ക്കുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടാൽ എൽദോസ് കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കുന്ന നീക്കങ്ങളിലേക്ക് നീങ്ങുമോ എന്ന ഉദ്വേഗവും ബാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam