
മലപ്പുറം: ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ആലപ്പുഴ രാമപുരം സ്വദേശി വിമല്‍ കുമാര്‍ എന്ന ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശി കടേശ്ശേരില്‍ മിഥുലേഷ് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്.
ഈ മാസം മൂന്നിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കില്‍ കൊണ്ടുവരികയായിരുന്ന 26 ലക്ഷം രൂപയാണ് കാറിലെത്തിയ സംഘം കവര്‍ന്നത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കിനെ സിഫ്റ്റ് കാറിലും ബൈക്കിലുമായി പിന്‍തുടര്‍ന്ന സംഘം നിലമ്പൂര്‍-മഞ്ചേരി ദേശീയപാതയില്‍ കുണ്ടോട് ചളിരിങ്ങല്‍ പെട്രോള്‍ പമ്പിന് സമീപം എത്തിയപ്പോള്‍ ബൈക്കില്‍ ഇടിച്ചു വീഴ്ത്തി യുവാവിനെ ബലമായി കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്ന പ്രതികള്‍ ബൈക്ക് റോഡരികില്‍ ഉപേക്ഷിച്ചു. യുവാവിനെ കാറില്‍ വച്ച് മര്‍ദ്ദിച്ച ശേഷം മൊബൈലും പഴ്സും പിടിച്ചു വാങ്ങി മമ്പാട് മേപ്പാടത്ത് ഇറക്കിവിടുകയായിരുന്നു. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, നിലമ്പൂര്‍ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യാജ നമ്പര്‍ പ്ലേറ്റു വെച്ച കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്നു സമാന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് സൂചന ലഭിച്ചത്. ആലപ്പുഴയില്‍ നിന്നും വാടകക്കെടുത്ത കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. കാര്‍ വാടകക്കെടുത്തു കൊടുത്തതും സംഭവത്തിനു ശേഷം പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനുമാണ് മിഥുലേഷിനെ അറസ്റ്റ് ചെയ്തത്. കവര്‍ച്ചയെ കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നു. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.
എസ്ഐമാരായ വി.വിജയരാജന്‍, അബ്ദുള്‍ അസീസ്, എഎസ്ഐ സുഭാഷ്, സിപിഒ സതീഷ് കുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ എന്‍.പി.സുനില്‍, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ മഞ്ചേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
'നിയമസഭാ സംഘർഷം അനുവാദമില്ലാതെ പകർത്തി', മാധ്യമങ്ങൾക്ക് നോട്ടീസ്, 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം