കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റിലെ ഹോട്ടലിൽ നിന്ന് രണ്ട് കട്ടൻചായക്ക് 92 രൂപ ഈടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി ഹോട്ടലിന്റെ ഉടമകളിലൊരാളായ സിപി റഫീഖ്. എന്നാൽ ഹൗസ് ഓഫ് സ്‌പാരോസ് എന്ന തങ്ങളുടെ സ്ഥാപനം വെറുമൊരു റെസ്റ്റോറന്റല്ലെന്നും കട്ടൻ ചായ കുടിക്കാൻ വന്നവർ കട പൂട്ടിക്കുമെന്ന് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.

"രണ്ട് പേരാണ് ഇവിടെ കഴിക്കാൻ വന്നത്. അവർക്ക് മെനു കൊടുത്തിരുന്നു. അവർ കട്ടൻചായ ഓർഡർ ചെയ്തു. അത് നിങ്ങള് വിചാരിക്കുന്നത് പോലെയുള്ള വെറും കട്ടൻചായ അല്ല. അതിൽ മിന്റിട്ടിരുന്നു(പുതിന). അതിന്റെ കൂടെ ബിസ്കറ്റ് കൊടുത്തിരുന്നു. മുൻപ് ഇതിന് 60 രൂപയായിരുന്നു വില. പിന്നീട് കുറച്ചതാണ്. ഇതൊരു സാധാരണ ഹോട്ടലല്ല. ഹെറിറ്റേജ് മോഡലിലുള്ള കഫെയാണ്," റഫീഖ് പറഞ്ഞു. എന്നാൽ ഹെറിറ്റേജ് റെസ്റ്റോറന്റ് ലൈസൻസല്ല കടയ്ക്കുള്ളതെന്നും സാധാരണ റെസ്റ്റോറന്റ് ലൈസൻസാണെന്നും റഫീഖ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

എന്ത് തരം ബിസ്‌കറ്റാണ് നൽകിയതെന്ന ചോദ്യത്തിന് ആരോറൂട്ട് ബിസ്‌കറ്റ് എന്നായിരുന്നു റഫീഖിന്റെ മറുപടി. "ഇന്നലെ കഷ്ടകാലത്തിന് കംപ്യൂട്ടർ കേടായിരുന്നു. അത് സർവ്വീസ് ചെയ്യാനായി കൊടുത്തിരിക്കുകയായിരുന്നു. തിരിച്ച് കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തിൽ മാനുവൽ ബിൽ പ്രിന്റ് ചെയ്യാൻ കൊടുത്തിരുന്നു. അതും കിട്ടാൻ വൈകി. ഈ ഗ്യാപിലാണ് അവർക്ക് ആ ബിൽ നൽകിയത്. ജിഎസ്‌ടി നമ്പർ ഇല്ലാതെ ബില്ല് കൊടുത്തത് തെറ്റ് തന്നെയാവും. ഇവിടെയുണ്ടായിരുന്ന ഹിന്ദിക്കാരൻ പയ്യന്മാരാരോ ആണ് അത് കൊടുത്തത്. പിന്നെ ഈ കട്ടൻചായയിൽ നിന്ന് ഞങ്ങൾക്കൊരു ലാഭവും ഇല്ല. അഞ്ച് ശതമാനം അതിൽ നിന്ന് ലാഭിച്ചിട്ട് ഞങ്ങൾക്കെന്ത് കിട്ടാനാണ്?" റഫീഖ് ചോദിച്ചു.

ഇന്നലെ ഈ കടയിൽ നിന്നും കട്ടൻചായ കുടിച്ച അഡ്വ ശ്രീജിത്ത് കുമാർ എംപിയാണ് രണ്ട് കട്ടൻചായക്ക് 92 രൂപ ഈടാക്കിയെന്ന് കുറ്റപ്പെടുത്തി രംഗത്ത് വന്നത്. സംഭവം വാർത്തയായതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ ഹോട്ടലുടമയെ ബന്ധപ്പെട്ടപ്പോഴാണ് പാർട്‌ണറാണെന്ന് പരിചയപ്പെടുത്തി സിപി റഫീഖ് ഇക്കാര്യങ്ങൾ പറഞ്ഞത്.

"ബില്ല് ചെയ്‌ത് കഴിഞ്ഞപ്പോൾ തുക കൂടുതലാണെന്ന് പറഞ്ഞ് തർക്കമായി. ഹെൽത്തിൽ (നഗരസഭയുടെ ആരോഗ്യവിഭാഗം) വിളിച്ച് കട പൂട്ടിക്കുമെന്ന് പറഞ്ഞു," റഫീഖ് ആരോപിച്ചു. "ഒരു ഹോട്ടലിൽ കയറിയാൽ ഭക്ഷണം കഴിക്കാനും കഴിക്കാതിരിക്കാനുമുള്ള സ്വാതന്ത്യം കസ്റ്റമറി(ഉപഭോക്താവ്)നുണ്ട്. ഒരു സാധനം എത്ര വിലയ്ക്ക് തരണം എന്ന് കസ്റ്റമർക്ക് പറയാൻ പറ്റില്ല. ഇതിനൊരു കോസ്റ്റിംഗുണ്ട്. താജ് ഹോട്ടലിൽ പോയാൽ ഇങ്ങിനെ പറയുമോ. ഒന്നു-രണ്ടു വർഷമായി നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ടൂറിസ്റ്റുകളും ഫുഡ് ബ്ലോഗേർസും ഇവിടെ വരാറുണ്ട്. കടയോട് ചേർന്ന് ആർട് ഗാലറി യും ആന്റിക് ഷോപ്പു(പുരാവസ്തുക്കൾ വിൽക്കുന്ന കട)മുണ്ട്. എസി മുറി അകത്തുണ്ട്. നോൺ എസി ഭാഗത്ത് നന്നായി ഇന്റീരിയർ ചെയ്‌ത് ഗാർഡൻ(പൂന്തോട്ടം) ഒക്കെ ഒരുക്കിയിട്ടുണ്ട്," ഒരുപാട് ഉപഭോക്താക്കൾ വരുന്ന സ്ഥലമാണ് തങ്ങളുടെ കടയെന്നും റഫീഖ് പറഞ്ഞു.

"ഇന്നലെ നല്ല രീതിയിൽ സംസാരിച്ചവസാനിപ്പിച്ചതാണ് ഈ പ്രശ്നം. കൃത്യമായി നികുതി അടയ്ക്കുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. ആർക്കും എന്തും പറയാമെന്ന രീതി ശരിയല്ല. ലക്ഷങ്ങളും കോടികളും മുടക്കി സ്ഥാപനം നടത്തുന്നവന്റെ ബുദ്ധിമുട്ട് ഇവർക്കൊന്നും മനസിലാവില്ല. ഞങ്ങളുടെ സർവ്വീസിന്റെ റെക്കോർഡും മുഴുവൻ രേഖകളും കൈയ്യിലുണ്ട്.  ഇതിനേക്കാൾ റേറ്റ് കൂടിയ കടകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്," റഫീഖ് പറഞ്ഞു. 

രണ്ട് കട്ടൻചായക്ക് 92 രൂപ; കോഴിക്കോട് ബീച്ചിലെ ഹോട്ടലിൽ 'പകൽക്കൊള്ള'

"കോട്ടയം സ്വദേശിയായ മാനേജരാണ് അദ്ദേഹത്തോട് സംസാരിച്ചത്. അതുകൊണ്ടാണ് ഞങ്ങൾ ഇന്നാട്ടുകാരല്ല എന്ന് പറയുന്നത്. അത് സത്യമല്ല. ഞങ്ങൾ നാല് പേരുടെ പാർട്‌ണർഷിപ്പിലാണ് ഇത് പ്രവർത്തിക്കുന്നത്. ഇതൊരു പഴയ വീടാണ്. അതിനെ ആർട് ഗാലറിയും കഫെയും ആന്റിക് ഷോപ്പുമൊക്കെയുള്ള ഒന്നാക്കി മാറ്റിയെടുത്തതാണ്. അതിനനുസരിച്ചുള്ള പ്രൈസിംഗാണ്(വിലനിർണയം) നടത്തിയിരിക്കുന്നത്," എന്നും റഫീഖ് വ്യക്തമാക്കി.