
മംഗളൂരു : മംഗളൂരു ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു കുട്ടിയും 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കനകരെ സ്വദേശി നൗഷാദിന്റെ മകൾ നൈമയാണ് മരിച്ച കുട്ടി. സ്ഥലത്ത് മൂന്ന് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമീപത്തെ ചെറിയ കുന്ന് ഇടിഞ്ഞ് സംരക്ഷണ ഭിത്തി വീടിന് മുകളിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.
മംഗളൂരു ഉള്ളാളിൽ മറ്റൊരു വീട്ടിലും കുന്നിടിഞ്ഞ് അപകടമുണ്ടായി. കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ പൂജാരി (65) യാണ് മരിച്ചത്. ഇവരുടെ മരുമകളും രണ്ട് കുഞ്ഞുങ്ങളും വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. കാന്തപ്പ പൂജാരിയുടെ മകന്റെ ഭാര്യ അശ്വിനി, രണ്ടും മൂന്നും വയസുള്ള മക്കൾ ആര്യൻ, ആരുഷ് എന്നിവരാണ് വീടിനകത്ത് കുടുങ്ങിയത്. എൻഡിആർഎഫ് സംഘം അടക്കം എത്തി ഇവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. കർണാടകയിലെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. ദക്ഷിണ കന്നഡ ജില്ലയിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനം തുടരുകയാണ്.