ഇടുക്കിക്ക് ആശ്വാസം; പൊതുപ്രവർത്തകനിൽ നിന്ന് കൊവിഡ് പകർന്ന രണ്ട് പേർ ആശുപത്രി വിട്ടു

By Web TeamFirst Published Apr 9, 2020, 4:06 PM IST
Highlights

കൊവിഡ് 19 ചികിത്സയിലുണ്ടായിരുന്ന കൂടുതൽ പേർ രോഗമുക്തി നേടുന്നതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനം. ഇന്ന് ഇതുവരെ ഒമ്പത് പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.
 

ഇടുക്കി: ഇടുക്കിയിലെ പൊതുപ്രവർത്തകനിൽ നിന്ന് കൊവിഡ് പകർന്ന രണ്ട് പേരുടെ ആശുപത്രി വിട്ടു. പൊതുപ്രവർത്തകനിൽ നിന്ന് രോഗബാധയേറ്റ ബൈസൺ വാലിയിലെ അധ്യാപികയും മകനുമാണ് മെഡിക്കൽ കോളേജിൽ നിന്ന് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇവർ ഉൾപ്പടെ സംസ്ഥാനത്ത് ഇന്ന് ഇതുവരെ ഒമ്പത് പേരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

കൊവിഡ് 19 ചികിത്സയിലുണ്ടായിരുന്ന കൂടുതൽ പേർ രോഗമുക്തി നേടുന്നതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനം. എറണാകുളത്ത് ചികിത്സയിലുണ്ടായിരുന്ന ആറ് ബ്രിട്ടീഷ് പൗരൻമാർ ആശുപത്രി വിട്ടു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം തിരൂർ സ്വദേശിയും ആശുപത്രി വിട്ടു. തൃശ്ശൂരിൽ ചികിത്സയിലുണ്ടായിരുന്ന സൂറത്ത് സ്വദേശിയായ വസ്ത്ര വ്യാപാരിയുടെ രണ്ടാമത്തെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവായി. കൊച്ചിയിൽ കൊവിഡ് ബാധിതനായിരുന്ന ഊബർ ഡ്രൈവർ വൈകിട്ട് മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജാകും.  

അതേസമയം, മൂന്നാറിൽ സമ്പൂർണ ലോക്ക് ഡൗൺ തുടങ്ങി. ഏപ്രിൽ 16 വരെ ഒരാഴ്ചയാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നത് പതിവായതോടെയാണ് ജില്ലഭരണകൂടത്തിന്‍റെ കർശന നടപടി. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. മെഡിക്കൽ സ്റ്റോർ, ബാങ്കുകൾ, പെട്രോൾ പമ്പുകൾ എന്നിവ മാത്രമാണ് ഏപ്രിൽ 16 വരെ ഇനി തുറന്ന് പ്രവർത്തിക്കുക.

Also Read: മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി; കടകള്‍ അടച്ചു, പുറത്തിറങ്ങിയാല്‍ ഇനി ഇളവുണ്ടാവില്ല

click me!