Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി; കടകള്‍ അടച്ചു, പുറത്തിറങ്ങിയാല്‍ ഇനി ഇളവുണ്ടാവില്ല

അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ ഇന്ന് ആളുകളുടെ നീണ്ട നിരയായിരുന്നു. തിരക്ക് നിമിത്തം പലയിടത്തും സാമൂഹിക അകലം പാലിക്കണം എന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു.

all shops closed in munnar as part of full lockdown
Author
Munnar, First Published Apr 9, 2020, 4:09 PM IST

ഇടുക്കി: മൂന്നാറിൽ ഒരാഴ്‍ച നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടങ്ങി. നിരോധനാജ്ഞ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്ന് പതിവായതോടെയാണ് ജില്ലഭരണകൂടത്തിന്‍റെ കർശന നടപടി. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. മെഡിക്കൽ സ്റ്റോർ, ബാങ്കുകൾ, പെട്രോൾ പമ്പുകള്‍ എന്നിവ മാത്രമായിരിക്കും ഏപ്രിൽ 16 വരെ ഇനി തുറന്ന് പ്രവർത്തിക്കുക. 

അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ ഇന്ന് ആളുകളുടെ നീണ്ട നിരയായിരുന്നു. തിരക്ക് നിമിത്തം പലയിടത്തും സാമൂഹിക അകലം പാലിക്കണം എന്ന നിർദ്ദേശം ലംഘിക്കപ്പെട്ടു. ഉൾപ്രദേശങ്ങളിലെ കടകളിലേക്ക് മൂന്നാർ മാർക്കറ്റിൽ നിന്ന് പച്ചക്കറിയും പലവ്യജ്ഞനം അടക്കമുള്ള സാധനങ്ങൾ കൊണ്ടുപോയി. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കടകളിൽ അവശ്യസാധനങ്ങൾ ഉറപ്പ് വരുത്തുമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. 

സമ്പൂര്‍ണ്ണ അടച്ചിടൽ നിലവിൽ വന്നതോടെ പുറത്തിറങ്ങുന്നവർക്ക് ഇനി ഇളവുകളുണ്ടാവില്ല. പ്രായപൂർത്തിയാകാത്തവരും മുതിർന്ന പൗരന്മാരും  പുറത്തിറങ്ങിയാൽ വീട്ടുകാ‍ർക്ക് എതിരെ കേസെടുക്കും. പൊലീസ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഓരോ വഴികളിലും മണിക്കൂറിൽ ശരാശരി 150 പേർ വരെ പുറത്തിറങ്ങുന്നുവെന്ന് കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് കാട്ടുവഴികളിലൂടെയും ആളുകൾ കേരളത്തിലെത്തുന്നു. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുമായി ആലോചിച്ച് ജില്ലാഭരണകൂടം സമ്പൂര്‍ണ്ണ അടച്ചിടൽ പ്രഖ്യാപിച്ചത്.
 

Follow Us:
Download App:
  • android
  • ios