നെടുങ്കണ്ടം കസ്റ്റഡിക്കൊല: രാജ്‍കുമാറിനെ മർദ്ദിച്ച രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ

By Web TeamFirst Published Jul 8, 2019, 6:23 PM IST
Highlights

എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നെടുങ്കണ്ടം സ്റ്റേഷനിലെ രണ്ട് പൊലീസുകാരെക്കൂടി അറസ്റ്റ് ചെയ്തത്. കേസിൽ ജയിലുദ്യോഗസ്ഥരുടെ വീഴ്ചയും വെളിപ്പെടുകയാണ്. 

നെടുങ്കണ്ടം: രാജ്‍കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ച് കൊന്ന കേസിൽ രണ്ട് പൊലീസുകാർ കൂടി അറസ്റ്റിൽ. നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്ഐ റെജിമോൻ, സിപിഒ നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിൽ രാജ്‍കുമാറിനെ ക്രൂരമായി മർദ്ദിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. 

സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനിടെ ക്രൂരമായി മർദ്ദിച്ചെന്ന് രാജ്‍കുമാറിന്‍റെ കൂട്ടുപ്രതിയായ ശാലിനി മൊഴി നൽകിയ രണ്ട് പൊലീസുദ്യോഗസ്ഥരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി ഇരുവരും ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായ പൊലീസുദ്യോഗസ്ഥരുടെ എണ്ണം നാലായി. നേരത്തേ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ് ഐ കെ എ സാബുവിനെയും പൊലീസ് ഡ്രൈവറായ സജീവ് ആന്‍റണിയെയും ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണിപ്പോൾ.

നിയാസിനെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. രാജ്‍കുമാറിനെ കസ്റ്റഡിയിൽ വച്ച് ആരൊക്കെയാണ് മർദ്ദിച്ചതെന്നും എന്താണ് സംഭവിച്ചതെന്നും ഉൾപ്പടെയുള്ള അന്വേഷണത്തിൽ കൃത്യമായ ചിത്രം ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഒമ്പത് പൊലീസുകാർ ചേർന്ന് രാജ്‍കുമാറിനെയും തന്നെയും മർദ്ദിച്ചെന്നാണ് കൂട്ടുപ്രതി ശാലിനി മൊഴി നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ പൊലീസുകാർ കേസിൽ അറസ്റ്റിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

മാത്രമല്ല, രാജ്‍കുമാറിന് കൃത്യമായ ചികിത്സ നൽകാൻ ജയിലധികൃതരും തയ്യാറായില്ല എന്നതിന് കൂടുതൽ തെളിവുകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. റിമാൻഡ് തടവിലായിരുന്ന രാജ്‍കുമാറിനെ ജൂൺ 18-ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടയിലും കാലിലും നീരും കടുത്ത വേദനയുമായി നടക്കാൻ വയ്യാതെ അവശനിലയിലായിരുന്നു രാജ്‍കുമാറെന്ന് പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ആനന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജയില്‍ ആംബുലന്‍സില്‍ നിന്ന് രാജ്‍കുമാറിന് ഇറങ്ങാന്‍ പറ്റിയിരുന്നില്ല. ഡോക്ടര്‍ ആംബുലന്‍സില്‍ പോയാണ് രാജ്‍കുമാറിനെ കണ്ടത്. 

പരിശോധനയിൽ കാൽവിരലിന് പൊട്ടലുള്ളതായി കണ്ടെത്തി. ഇതോടെ രാജ്‍കുമാറിനെ വിദഗ്‍ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാല്‍ കൊണ്ടുപോയോ എന്നറിയില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. 

രാജ്‍കുമാറിന്‍റെ മരണത്തില്‍  ജയിലധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച വ്യക്തമാക്കുന്ന രേഖകള്‍ നേരത്തേ പുറത്തുവന്നിരുന്നു. രാജ്‍കുമാറിന് പീരുമേട് ജയില്‍ അധികൃതര്‍ വിദഗ്‍ധ ചികിത്സ നൽകിയില്ലെന്നതിന്‍റെ രേഖകളാണ് നേരത്തേ പുറത്തു വന്നത്. രാജ്‍കുമാറിന്‍റെ തുടയിലും കാലിലും വേദനയും കടുത്ത നീരുമുണ്ടെന്ന് പീരുമേട് താലൂക്ക് ആശുപത്രിയിലെ ആശുപത്രി രേഖകളില്‍ വ്യക്തമാണ്. അതേ ദിവസം തന്നെ ആശുപത്രിയിലെ ഓർത്തോ വിഭാഗവും രാജ്‍കുമാറിനെ പരിശോധിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നിട്ടും രാജ്‍കുമാറിനെ പരിശോധനക്ക് ശേഷം തിരികെ ജയിലിലേക്ക് കൊണ്ടുപോവുകയായിരുന്നു.

 

click me!