ഇടുക്കി ഡാമിലെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു: പമ്പ, മാട്ടുപ്പെടി ഡാമുകളും ഇന്ന് തുറക്കും

By Web TeamFirst Published Aug 8, 2022, 3:43 PM IST
Highlights

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിൻ്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലുമാണ് ഡാം കൂടുതൽ തുറക്കാൻ തീരുമാനിച്ചത്.

ഇടുക്കി: സംസ്ഥാനത്ത് വിവിധ ഡാമുകളിൽ നിന്നും ജലം ഒഴുക്കി വിടുന്നത് തുടരുന്നു. ഇടുക്കിയടക്കം ചില ഡാമുകളിൽ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻ്റെ അളവ് വ‍ര്‍ധിപ്പിച്ചിട്ടുണ്ട്. ഇടുക്കി ഡാമിൻ്റെ 2 ഷട്ടറുകൾ കൂടി വൈകിട്ട് മൂന്നരയ്ക്ക് തുറന്നു. രണ്ടു ഷട്ടറുകളിൽ  നിന്നുമായി സെക്കൻഡിൽ 50000 ലിറ്റർ വെള്ളം തുറന്നു വിടാനാണ് തീരുമാനം. ഇതോടെ ഇടുക്കി ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിൻറെ അളവ് രണ്ടര ലക്ഷം ലിറ്റർ ആകും. 

ഇടുക്കി അണക്കെട്ടിൻ്റെ (Idukki Dam) വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിൻ്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലുമാണ് ഡാം കൂടുതൽ തുറക്കാൻ തീരുമാനിച്ചത്. ചെറുതോണി  അണക്കെട്ടിൻ്റെ അഞ്ചാമത്തേയും ഒന്നാമത്തേയും ഷട്ടറുകൾ 40 സെ.മീ  ഉയർത്തി 260 ക്യുമെക്സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് അധികൃത‍ര്‍ നിര്‍ദ്ദേശിച്ചു.

പാലക്കാട് മലമ്പുഴ ഡാമിൻ്റെ തുറന്ന ഷട്ടറുകൾ  30 സെൻ്റി മീറ്ററിൽ നിന്ന് 40 സെ.മി ആയി  ഉയർത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പാലക്കാട്ടെ ശിരുവാണി ഡാം റിവ൪ സ്ലൂയിസ് ഷട്ട൪ 2.00 മീറ്റർ ആക്കി ഉയർത്തുന്നതാണ്. മഴ ശക്തമായ സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകൾ 80 സെൻറീമീറ്ററില്  നിന്ന് 100 സെൻറീമീറ്റർ ആയി ഉയർത്തുന്നതാണ് 4 മണിയോടുകൂടി ആയിരിക്കും ഉയർത്തുന്നത്

മാട്ടുപ്പെട്ടി ഡാമിൻ്റെ ഷട്ടറുകളും വൈകിട്ട്  4 മണിക്ക് തുറക്കും. മാട്ടുപ്പെട്ടി ഡാമിൻ്റെ 3 സ്പിൽവേ ഷട്ടറുകൾ 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്സ് വരെ ജലം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. ഡാം തുറക്കുന്ന സാഹചര്യത്തിൽ  മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുള്ളവർക്ക് അതീവ ജാഗ്രതാ പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

പത്തനംതിട്ടയിലെ പമ്പ അണക്കെട്ടും വൈകിട്ട് നാലുമണിക്ക് തുറക്കും. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ പരമാവധി 60 സെന്റീമീറ്റർ വരെ ഉയർത്തി വെള്ളം ഒഴുക്കി വിടും.  ഡാം തുറക്കുന്നതോടെ പമ്പാനദിയിൽ  10 സെൻ്റി മീറ്റർ വരെ ജലനിരപ്പ് ഉയർന്നേക്കും.

മഴക്കെടുതിയിൽ സംസ്ഥാനത്ത് നൂറു കോടിയലധികം രൂപയുടെ കൃഷിനാശം: കൃഷി മന്ത്രി 

ആലപ്പുഴ: മഴക്കെടുതിയിൽ സംസ്ഥാനത്ത് 100 കോടിയിലധികം രൂപയുടെ കൃഷിനഷ്ടമുണ്ടായതായി കൃഷി മന്ത്രി പി.പ്രസാദ്. വലിയ രീതിയിൽ കൃഷിനാശം സംഭവിക്കുകയും, വീടുകൾക്ക് നാശനഷ്ടങ്ങൾക്ക് സംഭവിച്ചതായും ഉടമകൾക്ക് ഉടനെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി പറഞ്ഞു. കൃഷിനാശം സംഭവിച്ച കർഷകർക്ക് വിള ഇൻഷുറൻസ് കുടിശ്ശിക നൽകാനായി 30 കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കർഷകർക്കായി പുതിയ സ്മാർട്ട് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും. കേന്ദ്ര സർക്കാരിൻ്റെ ഇൻഷുറൻസ് പദ്ധതികൾ കുറച്ചു കൂടെ കർഷക സൗഹൃദമാകണം. അക്കാര്യം സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. 

tags
click me!