വെര്‍ച്വൽ അറസ്റ്റ്; അമ്മയുടേയും മകന്‍റെയും അക്കൗണ്ടുകളിൽ നിന്ന് തട്ടിയത് 18 ലക്ഷം, സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍

Published : Jun 26, 2025, 06:07 PM IST
Shanish, Janeesh

Synopsis

അറസ്റ്റിലായവര്‍ക്കെതിരെ കൊടുവള്ളിയില്‍ മറ്റ് കേസുകള്‍ നിലവിലുണ്ടെന്ന് വടകര സൈബര്‍ പൊലീസ് അറിയിച്ചു.

കോഴിക്കോട്: 'വെര്‍ച്വല്‍ അറസ്റ്റ്' എന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. താമരശ്ശേരി സ്വദേശി കയ്യേലിക്കല്‍ മുഹമ്മദ് ഷാനിഷ്, മടവൂര്‍ സ്വദേശി മുഹമ്മദ് ജനീസ് എന്നിവരെയാണ് വടകര സൈബര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, വെര്‍ച്വല്‍ അറസ്റ്റിലാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികള്‍ പണം തട്ടിയത്. പല തവണകളായി പരാതിക്കാരിയുടെയും മകന്‍റെയും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് 18 ലക്ഷം രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. തട്ടിപ്പിനായി പ്രതികള്‍ വ്യാജമായിയുണ്ടാക്കിയ അക്കൗണ്ടുകളിലേക്കാണ് ഈ പണം എത്തിയിരുന്നത്. ഇതിന്‍റെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചുവരികയാണ്.

അറസ്റ്റിലായവര്‍ക്കെതിരെ കൊടുവള്ളിയില്‍ മറ്റ് കേസുകള്‍ നിലവിലുണ്ടെന്ന് വടകര സൈബര്‍ പൊലീസ് അറിയിച്ചു. കോഴിക്കോട് റൂറല്‍ സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അടുത്തിടെ മറ്റൊരു പ്രധാന കണ്ണിയെ പിടികൂടിയിരുന്നു. കൊടുവള്ളി വാവാടിലെ പിക്കണ്ടിയില്‍ മുഹമ്മദ് ജാസിയെയാണ് (23) ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. വ്യാജ ട്രേഡിങ് തട്ടിപ്പിലൂടെ കൊയിലാണ്ടി സ്വദേശിനിയുടെ 23 ലക്ഷം രൂപ നഷ്ടപ്പെട്ട കേസിലും, ലോണ്‍ ആപ്പ് തട്ടിപ്പിലൂടെ പെരുവണ്ണാമൂഴി സ്വദേശിയുടെ 95,000 രൂപ നഷ്ടമായ കേസിലും നടത്തിയ അന്വേഷണമാണ് ജാസിയിലേക്ക് എത്തിയത്. ഈ കേസുകളിലെ നഷ്ടപ്പെട്ട പണമെത്തിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരൂര്‍ സ്വദേശിയായ റിസ്വാന്‍, കോഴിക്കോട് പെരുവയല്‍ സ്വദേശി ആദില്‍ ഷിനാസ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

ഇവരെ ചോദ്യം ചെയ്തപ്പോള്‍ തങ്ങളുടെ അക്കൗണ്ടുകളും എടിഎം കാര്‍ഡുകളും മുക്കം സ്വദേശിയായ ഷാമില്‍ റോഷന് കൈമാറിയതായി വെളിപ്പെടുത്തി. ലഭിക്കുന്ന പണം നേരിട്ടും ക്രിപ്റ്റോ കറന്‍സിയാക്കിയും കൈമാറുന്നത് ഷാമില്‍ റോഷനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഷാമില്‍ റോഷനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് താന്‍ പിന്‍വലിക്കുന്ന പണം മുഹമ്മദ് ജാസിക്കാണ് കൈമാറിയതെന്ന നിര്‍ണായക വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് മുഹമ്മദ് ജാസിക്കായി വലവിരിക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മുഹമ്മദ് ജാസി ഈ ക്രിപ്റ്റോ കറന്‍സി ഫിനാന്‍സ് എക്‌സ്‌ചേഞ്ചിലൂടെ ചൈനീസ് സൈബര്‍ തട്ടിപ്പുകാര്‍ക്ക് നല്‍കിക്കൊണ്ടിരുന്നതായാണ് വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഈ സൈബര്‍ തട്ടിപ്പ് ശൃംഖലയിലെ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഈ മാസം 16നകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം; സിസി മുകുന്ദന് വക്കീൽ നോട്ടീസയച്ച് ​ഗീത ​ഗോപി
'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത്'; ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ