നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയര്‍ മോഷണം; പന്തീരാങ്കാവ് ഒരുമാസത്തിനിടെ എട്ട് മോഷണം

By Web TeamFirst Published Jul 23, 2019, 6:08 PM IST
Highlights

കഴിഞ്ഞ രാത്രി സ്വകാര്യ കണ്‍സ്‍ട്രക്ഷന്‍ കമ്പനിയുടെ  ലോറിയുടെ രണ്ട് പിന്‍ ചക്രങ്ങള്‍ മോഷ്ടാക്കള്‍ അഴിച്ചു കൊണ്ട് പോയി

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട്-രാമനാട്ടുകര ബൈപ്പാസില്‍ രാത്രി നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ടയറടക്കം മോഷണം പോകുന്നത് പതിവാകുന്നു. ബൈപ്പാസില്‍ പന്തീരാങ്കാവിന് സമീപമാണ് ഏറ്റവും കൂടുതല്‍ മോഷണം. നിര്‍ത്തിയിടുന്ന വാഹനങ്ങളുടെ ചക്രം, ബാറ്ററികള്‍ , മറ്റ് ഉപകരണങ്ങള്‍ എന്നിവയാണ് മോഷ്ടിക്കുന്നത്. 

കഴിഞ്ഞ രാത്രി സ്വകാര്യ കണ്‍സ്‍ട്രക്ഷന്‍ കമ്പനിയുടെ  ലോറിയുടെ രണ്ട് പിന്‍ ചക്രങ്ങള്‍ മോഷ്ടാക്കള്‍ അഴിച്ചു കൊണ്ട് പോയി. പന്തീരാങ്കാവ് ഓക്സ്ഫോര്‍ഡ് സ്കൂള്‍ ജംഗ്‍ഷനില്‍ നിര്‍ത്തിയിട്ടിരുന്ന എസ്കെ ബില്‍ഡേഴ്‍സിന്‍റെ ലോറിയുടെ ചക്രങ്ങളാണ് മോഷണം പോയത്. പിറകിലെ പുതിയ രണ്ട് ചക്രങ്ങള്‍ ജാക്കിവെച്ച ശേഷം അഴിച്ച് കൊണ്ടുപോവുകയായിരുന്നു. 

കഴിഞ്ഞ മാസം 17 ന് ശേഷം ഇതുവരെ എട്ട് തവണ ഈ പ്രദേശത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ മോഷണം നടന്നിട്ടുണ്ട്. ലോറികളിലാണ് കൂടുതലായും മോഷണം നടക്കുന്നത്. ഒരു വര്‍ഷം മുന്‍പ് ലോറി നിര്‍ത്തി  ഡ്രൈവറും ക്ലീനറും ഉറങ്ങുന്നതിനിടെ ഏഴ് ലക്ഷം രൂപ മോഷണം പോയതും ഈ പ്രദേശത്തിനടുത്താണ്. പന്തീരാങ്കാവ് പൊലീസില്‍ പരാതിപ്പെട്ടെങ്കിലും മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല.
 

click me!