അലനും ത്വാഹയും ജയിൽ മോചിതർ, എല്ലാവർക്കും നന്ദിയറിയിച്ച് ത്വാഹ, പുറത്തിറങ്ങിയത് പത്ത് മാസത്തിന് ശേഷം

By Web TeamFirst Published Sep 11, 2020, 3:12 PM IST
Highlights

പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ജയിൽ മോചിതരാകുന്നത്. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. 

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബും ത്വാഹാ ഫസലും ജയിൽ മോചിതരായി. പത്ത് മാസങ്ങൾക്ക് ശേഷമാണ് ഇരുവരും ജയിൽ മോചിതരാകുന്നത്. കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. വിയ്യൂർ ജയിലിന് മുമ്പിലുണ്ടായിരുന്ന ബന്ധുക്കൾക്കൊപ്പം ഇരുവരും വീട്ടിലേക്ക് മടങ്ങി. പഠനവുമായി മുന്നോട്ട് പോകാനാണ് ഇരുവരുടേയും തീരുമാനമെന്നാണ് വിവരം. ഒപ്പം നിന്ന എല്ലാവർക്കും നന്ദിയറിയിച്ച ത്വാഹ പിന്നീട് കൂടുതൽ പ്രതികരിക്കാമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു

ഇരുവരെയും ജാമ്യക്കാരായി രക്ഷിതാക്കളും അടുത്ത ബന്ധുവും കോടതിയിൽ എത്തിയിരുന്നു. മകന് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങുന്നതിൽ സന്തോഷമെന്നു അലൻ ശുഹൈബിന്റെ അമ്മ സബിത മഠത്തിൽ പ്രതികരിച്ചു. മകന്റെ പഠനതിന് ആണ് മുൻഗണന എന്നും അവർ വ്യക്തമാക്കി.

പാസ്‌പോർട്ട് കെട്ടിവെക്കുന്നതു അടക്കം 11 കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചതിനെതിരെ എൻഐഎ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ അപ്പീലിന്റെ പേരിൽ ജാമ്യം അനുവദിക്കുന്നത് തടയാനാകില്ലായെന്ന് എൻ ഐഎ കോടതി വ്യക്തമാക്കി. 

കഴിഞ്ഞ വർഷം നവംബർ 1 നായിരുന്നു മാവോയിസ്റ്റ് ബന്ധമാരോപിച്ച് പന്തീരാങ്കാവ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. അലനും ത്വാഹയും മാവോയിസ്റ്റ് അനുഭാവമുള്ളവർ എന്ന് പറയുമ്പോഴും തീവ്രവാദ ആശയങ്ങളുടെ പ്രചാരകരായോ എന്നതിന്  തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.

click me!