കോഴിക്കോട് യുഎപിഎ കേസ്: താൻ പറഞ്ഞത് ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് പി മോഹനൻ

By Web TeamFirst Published Jan 23, 2020, 6:46 PM IST
Highlights

പന്തീരങ്കാവിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി മോഹനൻ പറഞ്ഞത്

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ കാര്യങ്ങൾ ചില മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് സിപിഎം കോഴിക്കോട് ജില്ലാ  സെക്രട്ടറി പി മോഹനൻ. യുഎപിഎ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും ഭിന്ന അഭിപ്രായമല്ലെന്നും ഒരേ നിലപാടാണെന്നു അദ്ദേഹം പറഞ്ഞു.

അലൻ താഹ വിഷയത്തിൽ, കേസ് പരിശോധനാ സമിതിക്ക് മുന്നിൽ എത്തുമ്പോൾ ഒഴിവാക്കപ്പെടുമെന്ന് പാർട്ടിയും സർക്കാരും നേരത്തെ വ്യക്തമാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് എൻഐഎ ഏറ്റെടുത്തത് ബിജെപിയുടെ സമ്മർദ്ദം മൂലമാണെന്നും പി മോഹനൻ കുറ്റപ്പെടുത്തി.

പന്തീരങ്കാവിൽ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങൾ തന്നെയെന്ന് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് പി മോഹനൻ പറഞ്ഞത്. ഇരുവരും മാവോയിസ്റ്റുകളാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഇരുവരുടെയും ഭാഗം കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കേൾക്കാതെ ഒരു നിഗമനത്തിലും എത്തില്ലെന്നും പി ജയരാജൻ പറഞ്ഞതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി മോഹനൻ വിശദീകരിച്ചു.

"അലനെയും താഹയെയും സസ്പെൻഡ് ചെയ്തതെന്ന് പാർട്ടി ഇതുവരെ ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അവർക്കെതിരെ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. പാർട്ടിയുടെ സജീവ പ്രവർത്തകരായ അലനും താഹയും നിരപരാധിത്വം തെളിയിച്ച് പുറത്തു വരാനാണ് സിപിഎം ആഗ്രഹിക്കുന്നത്." ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിൽ ആയതിനാൽ അവരുടെ ഭാഗം കേൾക്കാൻ ആയിട്ടില്ലെന്നും പി മോഹനൻ പറഞ്ഞു. 

click me!