ശബരിമലയിലെ സ്വർണം കാണാതായ സംഭവം; നി‍ർണായക നീക്കവുമായി യുഡിഎഫ്, 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെ പദയാത്ര നടത്തും

Published : Oct 08, 2025, 01:03 AM ISTUpdated : Oct 08, 2025, 01:06 AM IST
udf on sabarimala gold

Synopsis

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ നിന്ന് സ്വർണം കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് പദയാത്ര നടത്താൻ യുഡിഎഫ്. 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര. മുതിര്‍ന്ന നേതാക്കള്‍ നയിക്കുന്ന 4 മേഖലാ ജാഥകളും നടക്കും. 

തിരുവനന്തപുരം: ശബരിമലയിൽ ദ്വാരപാലക ശിൽപത്തിൽ പൊതി‍ഞ്ഞ സ്വര്‍ണം കാണാതായ സംഭവത്തിൽ പദയാത്ര നടത്താൻ യുഡിഎഫ്. 18ന് ചെങ്ങന്നൂർ മുതൽ പന്തളം വരെയാണ് പദയാത്ര. 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്‍റെയും പാലക്കാട് നിന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍ പ്രകാശിന്‍റെയും നേൃത്വത്തിൽ ജാഥകള്‍ തുടങ്ങും. ബെന്നി ബെഹ്നാൻ നയിക്കുന്ന ജാഥ 15 ന് മുവാറ്റുപുഴയിൽ നിന്ന് തിരിക്കും. നാലു ജാഥകളും പതിനെട്ടിന് പന്തളത്ത് സംഗമിക്കും. കോൺഗ്രസിന്റെ മേഖല ജാഥകൾ ചെങ്ങന്നൂരിൽ സംഗമിച്ച ശേഷം ആയിരിക്കും യുഡിഎഫ് നേതൃത്വത്തിലുള്ള പദയാത്ര. മേഖലാജാഥകളുടെയും പദയാത്രയുടെയും സമാപനം ജനകീയ സംഗമം ആക്കാൻ തിരുവനന്തപുരത്ത് ചേർന്ന മുന്നണിയോഗം തീരുമാനിച്ചു. തുടർ പരിപാടികളിൽ തീരുമാനിക്കാൻ 21ന് വീണ്ടും മുന്നണി യോഗം ചേരാനാണ് ധാരണ.

ദേവസ്വം മന്ത്രിയുടെ രാജിയടക്കം ആവശ്യപ്പെട്ടാണ് മുതിര്‍ന്ന നേതാക്കള്‍ നയിക്കുന്ന നാലു മേഖലാ ജാഥകൾ നടത്താൻ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. എന്നാൽ രാജി ആവശ്യത്തിന് വഴങ്ങില്ലെന്നാണ് സിപിഎമ്മിന്റെ മറുപടി. അതേ സമയം സ്വര്‍ണം കട്ടതു തന്നെയെന്ന ഹൈക്കോടതി നിരീക്ഷണം സര്‍ക്കാരിനെയും എൽഡിഫിനെയും കനത്ത പ്രതിരോധത്തിലാക്കുന്നുണ്ട്. കുറ്റക്കാരെ കണ്ടെത്തി ദേവസ്വം മുതൽ തിരിച്ചു പിടിക്കണമെന്ന് എൻഎസ് എസ് ആവശ്യപ്പെട്ടു. പമ്പയിലെ സംഗമം വഴി എൻഎസ്എസ് ഇടത്തോട്ട് തിരിഞ്ഞപ്പോള്‍ അങ്കലാപ്പിലായിരുന്നു യുഡിഎഫ്. സ്വര്‍ണപാളിയിൽ ചെമ്പു തെളി‍ഞ്ഞതോടെ ഭക്തരെ ഒപ്പം കൂട്ടാൻ മേഖലാ ജാഥകള്‍ നടത്തുകയാണ് കോണ്‍ഗ്രസ്.

ആഗോള അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് അടക്കമുള്ള സാമുദായിക സംഘടനകളുടെ പങ്കാളിത്തം സര്‍ക്കാരിനുള്ള പിന്തുണയെന്ന പ്രചാരണം ശക്തമാക്കുന്നതിനിടെയാണ് എൽഡിഎഫിന് ഓര്‍ക്കാപ്പുറത്തുള്ള അടി. ദ്വാര പാലക ശിൽപത്തിൽ പൊതിഞ്ഞിരുന്ന സ്വര്‍ണപാളി വന്‍ തുകയ്ക്ക് മറിച്ചു വിറ്റിരിക്കാൻ സാധ്യതയെന്ന ഹൈക്കോടതി നിരീക്ഷണം കൂടുതൽ കുരുക്കായി. 1998 മുതൽ 2025 വരെ സംശയകരമായി ഇടപാടുകള്‍ എല്ലാം നടന്നത് ഇടതു സര്‍ക്കാരുകളുടെയും അവര്‍ നിയോഗിച്ച ബോര്‍ഡുകളുടെ കാലത്തെന്നത് മുന്നണിയെ കൂടുതൽ കുഴപ്പത്തിലാക്കുന്നു. 

എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയിൽ ഒതുക്കി തടിയൂരാനാകാത്ത സ്ഥിതിയാണ് സർക്കാരിന്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘത്തിന്‍റെ അന്വേഷണം വേണ്ടപ്പെട്ടവരിലേയ്ക്കെത്തിയാൽ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന പ്രശ്നം സിപിഎമ്മിനെ തുറിച്ചു നോക്കുന്നു. ഉത്തരവാദികളെ സംരക്ഷിക്കില്ലെന്നും സര്‍ക്കാരിന് ക്ഷീണമില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. നാളെ ക്ലിഫ് ഹൗസിലേയ്ക്ക് ബിജെപി മാര്‍ച്ച് നടത്തും. അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത എൻഎസ്എസ് ഇപ്പോള്‍ സര്‍ക്കാരിനെ അവിശ്വസിക്കുന്നില്ലെങ്കിലും അന്വേഷണ പുരോഗതി നോക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ