
തിരുവനന്തപുരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് ആവേശ ജയം. ത്രികോണ പോരാട്ടം കണ്ട വട്ടിയൂർക്കാവിൽ 2796 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. അവസാനവട്ടം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തും മുരളീധരനും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവച്ചത്. ആർ. ശ്രീലേഖയും ഭേദപ്പെട്ട വോട്ടുകളും നേടി.
വട്ടിയൂർക്കാവിൽ ഇക്കുറി എല്‍ഡിഎഫും എന്‍ഡിഎയും യുഡിഎഫും തമ്മില്‍ വാശിയേറിയ ത്രികോണ പോരാട്ടമാണ് നടന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ സസ്പെൻസ് നിലനിർത്തിയ മണ്ഡലവും വട്ടിയൂർക്കാവ് തന്നെയായിരുന്നു. സിറ്റിംഗ് സീറ്റിൽ നിലവിലെ എംഎൽഎയായ വി.കെ പ്രശാന്തായിരുന്നു ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വട്ടിയൂർക്കാവിൽ മുമ്പ് രണ്ടുവട്ടം എംഎല്‍എയായും കോർപ്പറേഷൻ മേയറായും സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ് പ്രശാന്ത്. യുഡിഎഫിനായി കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ. മുരളീധരനാണ് പോരിനിറങ്ങിയത്. മുൻ ഡിജിപി ആർ. ശ്രീ ലേഖയെയാണ് എന്‍ഡിഎ ഇക്കുറി കളത്തിലിറക്കിയത്. പ്രബല സ്ഥാനാർത്ഥികൾ നേർക്കുനേർ വന്നതോടെ വട്ടിയൂർക്കാവ് മണ്ഡലം ചൂടേറിയ പോരാട്ടത്തിന് വേദിയാകുകയായിരുന്നു.
ഫലം പുറത്തുവരുമ്പോൾ മുന്നണികളുടെ സ്ഥാനങ്ങൾ മാറി വരുന്നത് ഇവിടുത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ കടുത്ത ത്രികോണ മത്സരത്തിനാണ് വട്ടിയൂർക്കാവ് ഇത്തവണയും സാക്ഷിയായത്. 2019ൽ കെ മുരളീധരൻ വടകര ലോക്സഭ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ചപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു എൽഡിഎഫിന്റെ സ്റ്റാർ കാൻഡിഡേറ്റ് വി.കെ പ്രശാന്ത് കളത്തിലിറങ്ങുന്നത്. 2016 ൽ മൂന്നാം സ്ഥാനത്തായ എൽഡിഎഫിനെ തിരികെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചതിൽ വി.കെ പ്രശാന്തിന്റെ റോൾ വളരെ വലുതായിരുന്നു. ഇക്കുറി മൂന്നാം വിജയം തേടി ഇറങ്ങിയ വി.കെ പ്രശാന്തിന്. തിരിച്ചടി ആയിരുന്നു.2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,515 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു പ്രശാന്ത് വിജയിച്ചത്. അന്ന് 61,000ത്തിലധികം വോട്ടുകളാണ് വി കെ പ്രശാന്ത് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ എൻഡിഎ സ്ഥാനാർത്ഥി വി വി രാജേഷ് 39,000ത്തിലധികം വോട്ടുകളും യുഡിഎഫ് സ്ഥാനാർത്ഥി വീണ എസ്. നായർ 35,000ത്തിലധികം വോട്ടുകളുമാണ് സ്വന്തമാക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam