
തിരുവനന്തപുരം: എംഎൽഎമാർക്കുള്ള സർക്കാരിന്റെ സൗജന്യ കിറ്റ് വേണ്ടെന്നു വെച്ച് യുഡിഎഫ്. യുഡിഎഫ് എംഎൽഎമാർ കിറ്റ് വാങ്ങില്ലെന്നാണ് പുറത്തുവരുന്ന വിവരം. സാധാരണക്കാർക്ക് കിട്ടാത്ത കിറ്റ് യുഡിഎഫിനും വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനപ്രതിനിധികൾക്ക് കിറ്റ് നൽകാൻ ഭക്ഷ്യ വകുപ്പ് തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് യുഡിഎഫ് വേണ്ടെന്ന് വെച്ചിരിക്കുന്നത്.
അതേസമയം, ഓണക്കിറ്റ് വിതരണത്തിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ പകുതിയിലേറെ പേർക്കും ഓണക്കിറ്റ് ലഭിച്ചില്ല. മൂന്നരലക്ഷത്തോളം പേർക്കാണ് ഇനിയും ഓണക്കിറ്റ് കിട്ടാനുള്ളത്. ഇന്ന് തന്നെ കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ വാദം. ഇത്തവണ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണ്. ഇന്നലെ രാത്രി വരെയുള്ള കണക്ക് പ്രകാരം 2,59,944 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്. ഇനിയും 3,27,737 പേർക്ക് കൂടി കിറ്റ് നൽകാൻ ഉണ്ട്. മുഴുവന്‍ റേഷന്‍കടകളിലും കിറ്റ് എത്തിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ അറിയിക്കുന്നത്. ഓണം കണക്കിലെടുത്ത് റേഷൻ കടകൾ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായെന്നാണ് സർക്കാർ അറിയിപ്പ്.
ഓണക്കിറ്റ് വിതരണ പ്രതിസന്ധിക്കൊപ്പം റേഷൻ കടകളിലെ ഇ - പോസ് മെഷീൻ തകരാറിലായത് ഇരട്ടി പ്രഹരമായിയിരുന്നു. ഇന്നലെ രാവിലെ എട്ട് മണിക്ക് കട തുറന്നത് മുതൽ മെഷീൻ പണിമുടക്കി. ഒടിപി വെരിഫിക്കേഷൻ വഴിയുള്ള വിതരണം മാത്രമാണ് നടന്നത്. പത്തരയോടെ പ്രശ്നം പരിഹരിച്ചെങ്കിലും കിറ്റ് വിതരണം മന്ദഗതിയിലായി. മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ പെട്ടെന്ന് എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂർത്തിയാക്കാനാണ് നിർദേശം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam