ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്

ഈ ഓണം സീസണിലെ സര്‍പ്രൈസ് വിജയമാണ് ആര്‍ഡിഎക്സ്. സിനിമാപ്രേമികളില്‍ റിലീസിന് മുന്‍പ് പ്രതീക്ഷ പകര്‍ന്ന ചിത്രമാണെങ്കിലും ഇത്രയും മികച്ചൊരു തിയറ്റര്‍ അനുഭവം നല്‍കുമെന്ന് അവര്‍ കരുതിയിരുന്നില്ല. ഒരു ഫെസ്റ്റിവല്‍ സീസണില്‍ തിയറ്ററുകളില്‍ ആഘോഷിക്കാന്‍ പറ്റിയ ചിത്രം ലഭിച്ചതിന്‍റെ ആഹ്ലാദത്തിലാണ് സിനിമാപ്രേമികള്‍. അത് കേരളത്തിലെമ്പാടുമുള്ള തിയറ്ററുകളില്‍ കാണാനുമുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയാണ് ഏറ്റവും വലിയ ഹൈലൈറ്റ്. നായകന്മാരെപ്പോലെതന്നെ പ്രതിനായകന്മാരും, എന്തിന് എക്സ്ട്രാ അഭിനേതാക്കള്‍ പോലും ശ്രദ്ധ നേടുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇപ്പോഴിതാ ചിത്രത്തിലെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ പ്രയത്നത്തെക്കുറിച്ച് പറയുകയാണ് ആന്‍റണി വര്‍ഗീസ്. ഈ ചിത്രം അവരുടേത് കൂടിയാണെന്ന് പറയുന്നു ആന്‍റണി.

ആന്‍റണി വര്‍ഗീസിന്‍റെ കുറിപ്പ്

ദാ ഇവരും നമ്മടെ നായകന്മാർ ആണ്... സിനിമ കണ്ടവരിൽ കുറച്ച് പേർക്കെങ്കിലും ഇവരെ ഇടിക്കാൻ തോന്നിയെങ്കിൽ അത് ഇവരുടെ വിജയമാണ്... ഫൈറ്റ് എടുത്തപ്പോൾ ആ സീനിൽ അഭിനയിച്ച ഒരു ബ്രോയുടെ മുഖത്ത് എന്റെ കൈ ഒന്ന് പതുക്കെ കൊണ്ടു. പിന്നെ പിറ്റേന്ന് അവനെ കണ്ടത് താടിയിൽ 4 സ്റ്റിച്ച് ആയിട്ടാണ്. പക്ഷെ ആ സ്റ്റിച്ച് വച്ച് ഈ പടം ഫുൾ തീർത്തു. ഇങ്ങനെ പല പരിക്കുകൾ പറ്റിയവർ ആണ് ഈ ഫോട്ടോയിലെ പലരും. ഇപ്പോഴത്തെ വിജയം ഇവരുടെ കൂടി വിജയമാണ്. പണ്ട് സിനിമയിൽ പറഞ്ഞപോലെ ഇവരുടെ ഒരു ഇടി പോലും വേസ്റ്റ് ആയില്ല. സ്റ്റിച്ച് ഇട്ട ഇടി അല്ല പടത്തിലെ ഇടി ആണട്ടാ ഞാൻ പറഞ്ഞെ.

ALSO READ : മമ്മൂട്ടി ദുര്‍മന്ത്രവാദി? 'ഭ്രമയു​ഗം' ചിത്രീകരണം പുരോ​ഗമിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം