നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാർ : കെ മരുളീധരൻ

By Web TeamFirst Published Dec 27, 2021, 3:50 PM IST
Highlights

2011 ലെ യുഡിഎഫ് സർക്കാറും അന്ന് രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി.

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കോൺഗ്രസ് (Congress)നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ (K Karunakaran) പേര് നൽകുന്നതിൽ വീഴ്ച വരുത്തിയത് യുഡിഎഫ് സർക്കാരാണെന്ന് കെ മുരളീധരൻ എംപി (K Muraleedharan). 2011 ലെ യുഡിഎഫ് സർക്കാറും അന്ന് രാജ്യം ഭരിച്ച കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മുരളീധരൻ കുറ്റപ്പെടുത്തി. തക്കസമയത്ത് വേണ്ടത് ചെയ്യാതെ അനുസ്മണ പരിപാടികളിൽ വിലപിച്ചിട്ട് കാര്യമില്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരൻ. 

കെ - റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെ പരിഹസിച്ച മുരളീധരൻ പത്ത് വർഷം കാലാവധിയുള്ള പദ്ധതി പൂർത്തിയാവുമ്പോഴേക്കും കേരളത്തിൽ സിപിഎം ജീവിച്ചിരിക്കുമോ എന്ന് തീർച്ചയില്ലെന്നും പരിഹസിച്ചു. സ്വന്തം പൊലീസിനെ ഗുണ്ടകളിൽ നിന്ന് രക്ഷിക്കാൻ കഴിയാത്ത പിണറായിയാണ് കെ. റെയിൽ വിരുദ്ധ സമരക്കാരെ കൈയേറ്റം ചെയ്യുമെന്ന് വീമ്പിളക്കുന്നതെന്നും മുരളീരൻ കളിയാക്കി.

'കോൺഗ്രസ് എംപി ശശി തരൂർ കെ-റെയിൽ അനുകൂല നിലപാട് സ്വീകരിച്ചത് നിർഭാഗ്യകരമാണ്. കെ - റെയിൽ പ്രായോഗികമല്ലെന്ന് പാർട്ടി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതാണ്. വിദഗ്ദ്ധ സമിതി റിപ്പോർട്ട് അദ്ദേഹത്തിന് അയച്ച് കൊടുത്തതുമാണ്'. അതിനാൽ ഇക്കാര്യത്തിൽ തരൂർ പാർട്ടിക്കൊപ്പം നിൽക്കണമെന്ന് കെ.മുരളീധരൻ ആവശ്യപ്പെട്ടു.

click me!