അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് യുഡിഎഫ് അന്ത്യശാസനം, തള്ളി ജോസ് കെ മാണി

By Web TeamFirst Published Aug 23, 2020, 10:38 AM IST
Highlights

യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയെന്നും യുഡിഎഫ് വ്യക്തമാക്കി. വോട്ട് ചെയ്തില്ലായെങ്കിൽ നാളെ തന്നെ മുന്നണി യോഗം ചേർന്ന് നടപടി തീരുമാനിക്കുമെന്നും യുഡിഫ് കൺവീനർ വ്യക്തമാക്കി.

തിരുവനന്തപുരം: നാളെ നടക്കുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്  യുഡിഎഫ് അന്ത്യശാസനം നൽകി. നാളെ യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയെന്നും യുഡിഎഫ് വ്യക്തമാക്കി. വോട്ട് ചെയ്തില്ലായെങ്കിൽ നാളെ തന്നെ മുന്നണി യോഗം ചേർന്ന് നടപടി തീരുമാനിക്കുമെന്നും യുഡിഫ് കൺവീനർ വ്യക്തമാക്കി. രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന വിപ്പും പാലിക്കണം എന്നും യുഡിഎഫ് ആവശ്യപ്പെട്ടു. 

എന്നാൽ യുഡിഎഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളി. യുഡിഎഫ് കൺവീനർ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാര്‍ട്ടിയെ പുറത്താക്കിയ ശേഷം വീണ്ടും അച്ചടക്ക നടപടിയെന്ന് പറയുന്നത് എന്ത് ന്യായമാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. വിപ്പ് നൽകാൻ മുന്നണിക്ക് അധികാരം ഇല്ല. നിയമസഭാ രേഖ പ്രകാരം വിപ്പ് നൽകാനുള്ള അധികാരം റോഷി അഗസ്റ്റിനാണ്. സഭയിൽ സ്വതന്ത്രനിലപാട് എടുക്കുമെന്നും അവിശ്വാസ പ്രമേയത്തിലും അതാവും നിലപാടെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

മുന്നണിയോഗത്തിൽ നിന്നും പുറത്താക്കിയെങ്കിലും ജോസ് പക്ഷത്തെ രണ്ട് എംഎൽഎമാർക്ക് കൂടി യുഡിഎഫ് നേരത്തെ വിപ്പ് നൽകിയിരുന്നു. കേരള കോൺഗ്രസ്സിൻറെ വിപ്പ് എന്ന നിലക്ക് മോൻസ് ജോസഫും ഇവർക്ക് വിപ്പ് കൊടുത്തു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്നും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്നുമാണ് വിപ്പ്. എന്നാൽ ജോസ് പക്ഷത്തെ റോഷി അഗസ്റ്റിൻ ജോസഫ് പക്ഷത്തെ മൂന്ന് എംഎൽഎമാർക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നും അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ തിരിച്ചും വിപ്പ് നൽകി. വിപ്പ് ലംഘിച്ചാൽ നടപടി എന്നാണ് ജോസഫും ജോസും പറയുന്നത്. 

 

click me!