
തിരുവനന്തപുരം: പി ടി തോമസിന്റെ (PT Thomas) നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ്. മുന്നണികൾ തങ്ങളുടെ പാരമ്പര്യ വോട്ടുകളുറപ്പിക്കാൻ ശ്രമിക്കുമ്പോഴും ട്വന്റി- 20യുടെ വോട്ടുകൾ ആര്‍ക്കാകുമെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ആംആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് ട്വന്റി- 20 തൃക്കാക്കരയിൽ മത്സരിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന തീരുമാനം ഒടുവിൽ ഇരു പാർട്ടികളും സംയുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ അണികൾ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ട്വന്റി- 20 ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. യുഡിഎഫിന് അനുകൂലമായ സൂചനകളാണ് ട്വൻറി-20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബ് ഇതിനോടകം നൽകുന്നത്. അതുറപ്പിക്കാനായി പരസ്യമായി ട്വന്റി- 20 യുടെ വോട്ട് തേടുകയാണ് കോൺഗ്രസ് എംപി കെ മുരളീധരൻ.
ട്വന്റി-20 വർഗീയ കക്ഷിയല്ലെന്നും അവരുടെ പിന്തുണ കോൺഗ്രസ് സ്വീകരിക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി. ട്വന്റി-20 യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസം ഇല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ അവര്‍ പിന്തുണ തന്നാൽ സ്വാഗതം ചെയ്യും. പരസ്യമായി തന്നെ വോട്ടഭ്യർത്ഥന നടത്തുകയാണെന്നും മുരളീധരൻ വ്യക്തമാക്കി.
കേരളത്തിലെ ബദൽ രാഷ്ട്രീയ സാധ്യത തേടി അരവിന്ദ് കെജ്രിവാൾ, ഇന്ന് കൊച്ചിയിലെത്തും
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സുവർണ്ണാവസരമെന്ന മുഖ്യമന്ത്രിയുടെ പരാമർശം തെറ്റായി പോയി. മുഖ്യമന്ത്രിയുടെ നിലപാടുകളെയാണ് യുഡിഎഫ് വിമർശിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാൻ നട്ടെല്ലുള്ള സാംസ്കാരിക പ്രവർത്തകരില്ല. കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കൂപ്പ് കുത്തുന്നത്. കടം കയറി കേരളം ശ്രീലങ്കയുടെ അവസ്ഥയിലേക്ക് പോകുന്ന സ്ഥിതിയെത്തി. അടുത്ത മാസം ശമ്പളം പോലും മുടങ്ങുന്ന സ്ഥിതി വന്നു. കെ.എസ്.ആർ.ടി.സി മാതൃക എല്ലാ മേഖലകളിലേക്കും വരികയാണെന്നും എന്നിട്ടും സർക്കാർ കെ. റെയിലുമായി മുന്നോട്ടു പോകുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.