അട്ടിമറിയുണ്ടായില്ല; കെ ആര്‍ പ്രേമകുമാര്‍ ഇനി കൊച്ചി ഡെപ്യൂട്ടി മേയര്‍

By Web TeamFirst Published Nov 13, 2019, 3:45 PM IST
Highlights

മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൗണ്‍സിലർമാരായ ഗീതാ പ്രഭാകറും ജോസ്മേരിയും ഡെപ്യൂട്ടി തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നു. 

കൊച്ചി: കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫ് നിലനിർത്തി. 37 വോട്ടുകൾ നേടി യുഡിഎഫിലെ കെ ആർ പ്രേമകുമാർ ഡെപ്യൂട്ടി മേയറായി. കൊച്ചി കോർപ്പറേഷൻ മേയറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് മുന്നണിയിലും കോൺഗ്രസിലുമുണ്ടായിരുന്ന അതൃപ്‍തി യുഡിഎഫ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരുന്നെങ്കിലും ഡെപ്യൂട്ടി മേയർ സ്ഥാനം യുഡിഎഫിന് തന്നെ കിട്ടി. മേയറുടെ സ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് ഇടഞ്ഞ് നിന്ന സ്വതന്ത്ര കൗണ്‍സിലർമാരായ ഗീതാ പ്രഭാകറും ജോസ്മേരിയും ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്നു. 

ഇതോടെ പ്രതീക്ഷിച്ച 37 വോട്ടുകളും യുഡിഎഫിന് തന്നെ ലഭിച്ചു. എതിർ സ്ഥാനാർത്ഥി നിലവിലെ പ്രതിപക്ഷ നേതാവ് കെ ജെ ആൻണിക്ക് 34 വോട്ടുകൾ കിട്ടി. രണ്ട് ബിജെപി അംഗങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഫോര്‍ട്ട് കൊച്ചി 18 ആം ഡിവിഷൻ കൗണ്‍സിലറാണ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട കെ ആര്‍ പ്രേമകുമാർ. തുടർന്ന് മേയർ സൗമിനി ജെയിൻ പുതിയ ഡെപ്യൂട്ടി മേയർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി മേയറായിരുന്ന ടി ജെ വിനോദ് എംഎല്‍എയായി വിജയിച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജില്ല കളക്ടർ എസ് സുഹാസായിരുന്നു വരണാധികാരി.  ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മേയര്‍ മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വരും ദിവസങ്ങളിൽ കോൺഗ്രസിൽ സജീവമാകും. 

click me!