
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് ചർച്ചകൾ പുരോഗമിക്കുന്നതിടെ കൊല്ലത്ത് മണ്ഡല മാറ്റം എന്ന ആവശ്യത്തിൽ ഉറച്ച് യുഡിഎഫ് ഘടക കക്ഷികള്‍. കൊല്ലം മണ്ഡലം ലക്ഷ്യമിട്ട് ആർഎസ്‍പിയും പുനലൂരിന് പകരം ഇരവിപുരത്ത് കണ്ണുവെച്ച് മുസ്ലീം ലീഗും സമ്മർദ്ദം കടുപ്പിക്കുന്നത് കോണ്‍ഗ്രസിനെ കുഴപ്പിക്കുന്നുണ്ട്. സീറ്റിനായി ഫോർവേർഡ് ബ്ലോക്കും രംഗത്തുണ്ട്. എന്നാൽ കൊല്ലം വിട്ടു നൽകാനാകില്ലെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. കൊല്ലം നിയമസഭ മണ്ഡലത്തിലേക്കുള്ള മാറ്റമാണ് ആര്‍എസ്‍പിയുടെ ലക്ഷ്യം.
തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങിയ പുനലൂരിന് പകരം ഇരവിപുരം വേണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെടുന്നു. കൊല്ലം നല്‍കിയാല്‍ ഇരവിപുരം കൊടുക്കാമെന്നാണ് ആര്‍എസ്‍പിയുടെ നിലപാട്. ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജന് വേണ്ടി ഫോര്‍വേര്‍ഡ് ബ്ലോക്കും കൊല്ലം ആവശ്യപ്പെടുന്നുണ്ട്. 2016ലെ തെരഞ്ഞെടുപ്പില്‍ 17611 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കൊല്ലത്ത് എല്‍ഡിഎഫ് വിജയിച്ചത്. 2021ൽ മണ്ഡലം നിലനിർത്തിയെങ്കിലും ബിന്ദു കൃഷ്ണയിലൂടെ എൽഡിഎഫിന്‍റെ ഭൂരിപക്ഷം 2072 ആയി കുറയ്ക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. ഇത്തവണ ജയമുറപ്പെന്ന് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസ് കൊല്ലം വിട്ടുനല്‍കുന്ന കാര്യം ചിന്തിക്കുന്നേയില്ല.
ജില്ലയിലെ 11 മണ്ഡലങ്ങളില്‍ നാല് സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് ഉള്ളതാണ്. ചവറ, കുന്നത്തൂര്‍, ഇരവിപുരം എന്നിവആര്‍എസ്‍പിയും പുനലൂരിൽ ലീഗും മത്സരിച്ചു വരുന്നു. ഇരവിപുരം കിട്ടിയില്ലെങ്കില്‍ കോണ്‍ഗ്രസിന്‍റെ കയ്യിലുള്ള ചടയമംഗലം മണ്ഡലത്തിലാണ് ലീഗിന്‍റെ നോട്ടം. 2006 മുതൽ ഇടതുകോട്ടയായി തുടര്‍ന്ന ചടയമംഗലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. മണ്ഡലം വിട്ടു നൽകരുതെന്ന അവശ്യം പാർട്ടിയിൽ ഉയര്‍ന്നു കഴിഞ്ഞു. ഭിന്നതകൾ ഉണ്ടാകാതെ ഈ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്തുകയാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam