
കൊച്ചി: കേരളത്തിലെ നേതാക്കള്‍ ഏകകണ്ഠമായി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിത്വമാണ് ആര്യാടന്‍ ഷൗക്കത്തിന്‍റേതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും സതീശൻ വ്യക്തമാക്കി. 263 ബൂത്തുകളിലും കമ്മിറ്റികളുണ്ട്. എണ്ണായിരത്തില്‍ അധികം പുതിയ വേട്ടുകളാണ് ചേര്‍ത്തത്. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോജക മണ്ഡലത്തില്‍ സജ്ജമാണ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ട് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി നിലമ്പൂരില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പി വി അന്‍വറിനെ യു ഡി എഫിന്റെ ഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത് എങ്ങനെ വേണമെന്നത് എല്ലാവരുമായും ചര്‍ച്ച ചെയ്ത് ഉടന്‍ തന്നെ തീരുമാനിക്കും. യു ഡി എഫ് ഏത് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാലും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും ഇന്നലെ തന്നെ പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അന്‍വര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നത് മാധ്യമങ്ങളുടെ സാങ്കല്‍പിക ചോദ്യമാണെന്നും സതീശൻ അഭിപ്രായപ്പെട്ടു.
ഞായറാഴ്ച ആയതുകൊണ്ടാണ് ഇന്നലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതിരുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് ഡല്‍ഹിയില്‍ എത്താനുള്ള കാലതാമസമാണ് ഉണ്ടായത്. കോണ്‍ഗ്രസില്‍ ഭയങ്കരമായ പ്രശ്‌നങ്ങള്‍ ഉണ്ടായി വാര്‍ത്ത ഉണ്ടാകുമെന്നാണ് ചില മാധ്യമങ്ങള്‍ കരുതിയത്. അത് നടന്നില്ല. എന്നാല്‍ പിന്നെ അന്‍വറിനെ വച്ച് വാര്‍ത്തയുണ്ടാക്കാമെന്നായി. കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കേണ്ട. ഒന്നും കിട്ടില്ല. ബാക്കിയുള്ളവരുടെ സ്ഥാനാര്‍ത്ഥിയെ അന്വേഷിച്ച് നടക്ക്. പാലക്കാട് ചില മാധ്യമങ്ങള്‍ എന്തൊക്കെയാണ് ചെയ്തത്. എന്നിട്ട് എന്തെങ്കിലും സംഭവിച്ചോ? പാലക്കാട്ടേതു പോലെ നിലമ്പൂരിലും യു ഡി എഫ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് വിജയിക്കും. എല്ലാ ഘടകകക്ഷികളുമായും ആലോചിച്ചാണ് ആര്യാടന്‍ ഷൗക്കത്തിനെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത തരത്തില്‍ വേഗത്തില്‍ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോഴും ചില മാധ്യമങ്ങള്‍ അതില്‍ കുഴപ്പം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും സതീശൻ വിമർശിച്ചു.
സ്വന്തമായി സ്ഥനാര്‍ത്ഥിയെ നിര്‍ത്തണമോയെന്ന് ബി ജെ പിയാണ് തീരുമാനിക്കേണ്ടത്. അവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നാല്‍ എന്താണ് കാരണമെന്ന് അപ്പോള്‍ അന്വേഷിക്കാം. വേറെ ആരെങ്കിലുമായി എന്തെങ്കിലും ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്നൊക്കെ അപ്പോള്‍ നോക്കാം. യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നണി നേതൃത്വം ഒറ്റക്കെട്ടായി നേതൃത്വം നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam