അഭിമാനിക്കാം, കൊവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം

By Web TeamFirst Published Jun 23, 2020, 5:36 PM IST
Highlights

ന്യൂയോർക്ക് ​ഗവർണർ, ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുക. 

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ പങ്കെടുക്കും. ന്യൂയോർക്ക് ​ഗവർണർ, ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുക. 

ലോക പൊതുപ്രവർത്തക ദിനമായ ഇന്നാണ് കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായവരെ ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്.  ഇന്ത്യൻ സമയം ആറരയ്ക്കാണ് വെബിനാർ.  യു.എൻ സാമ്പത്തിക - സാമൂഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 

കൊവിഡിന് 19 നെതിരായ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ വളരെയധികം ചർച്ചയായിരുന്നു. നിരവധി മാധ്യമങ്ങളാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ആരോ​ഗ്യമന്ത്രി കെ കെ ശൈലജയെയും പ്രശംസിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചത്.  ബിബിസി ചാനലിൽ തത്സമയ പരിപാടിയിൽ ആരോ​ഗ്യമന്ത്രി അതിഥിയായി എത്തുകയും ചെയ്തിരുന്നു. കേരളത്തിന്റെ കൊവി‍ഡ് പ്രവർത്തനങ്ങൾ മന്ത്രി തത്സമയം വിശദീകരിച്ചതും വലിയ ചർച്ചയായിരുന്നു. പ്രതിരോധപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ചര്‍ച്ചയായ പരിപാടിയില്‍ ആർദ്രം പദ്ധതിയെ കുറിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. ബിബിസി വേള്‍ഡ് ന്യൂസ് വിഭാഗത്തിലാണ് കൊവിഡ് പ്രതിരോധത്തിലെ കേരള മോഡല്‍ ചര്‍ച്ചയായത്. 

തൽസമയ ചർച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി. വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെ കെ ശൈലജ അന്ന് വിശദീകരിച്ചിരുന്നു. നിരവധി അന്തർദേശീയ മാസികകളാണ് കെ കെ ശൈലജയെ അഭിനന്ദിച്ച് കവർ സ്റ്റോറി പ്രസിദ്ധീകരിച്ചത്. 

click me!