
ദില്ലി: മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ സീറ്റ് ലഭിക്കാത്തതോടെ ജോർജ് കുര്യന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമാകാനാണ് സാധ്യത. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാകും. കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കുര്യനെ മധ്യപ്രദേശിൽ നിന്നും വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. രാജ്യസഭ തെരഞ്ഞെടുപ്പിന് 14 ദിവസങ്ങൾ മാത്രം ശേഷിക്കെ കുര്യന് ഇനി സീറ്റ് ലഭിക്കാൻ സാധ്യതയില്ല. അങ്ങനെയെങ്കിൽ അദ്ദേഹം സ്ഥാനം ഒഴിഞ്ഞേക്കും. യു പി അടക്കം 7 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പും മനസിൽ കണ്ടുള്ള അഴിച്ചുപണി കേന്ദ്ര മന്ത്രിസഭയിലും പാർട്ടിയിലും ഉടൻ ഉണ്ടാകുമെന്നത് ഉറപ്പായിട്ടുണ്ട്. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്ന് ആരാകും കേന്ദ്ര മന്ത്രിസഭയിലെത്തുമെന്നത് കണ്ടറിയണം. സുരേഷ് ഗോപി തുടരാനാണ് സാധ്യത. രാജ്യസഭാംഗമായ സദാനന്ദൻ മാസ്റ്റർ കേന്ദ്രമന്ത്രിയാകുമെന്ന സൂചന ശക്തമാണ്. അനിൽ ആന്റണിക്ക് കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നൽകാൻ നേതൃത്വം ആലോചിച്ചതാണ്. ഇത്തവണയും പരിഗണനയിലുണ്ടെന്നാണ് വിവരം. ജോർജ് കുര്യന് ബി ജെ പി സംഘടന പദവി ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്.
അതേസമയം കേന്ദ്രമന്ത്രിസഭ പുനസംഘടനയും ബി ജെ പി സംഘടനയിലെ അഴിച്ചുപണിയും ഉടനുണ്ടാകുമെന്നത് ഉറപ്പാണ്. പന്ത്രണ്ടോളം മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും അഞ്ച് പേർ പുറത്താകുമെന്നുമാണ് റിപ്പോർട്ടുകൾ. ഒരു ഡസൻ മന്ത്രിമാരുടെവരെ വകുപ്പുകൾ മാറുകയോ ചിലർ പുറത്താവുകയോ ചെയ്യുമെന്നാണ് സൂചന. രണ്ട് കാബിനറ്റ് മന്ത്രിമാരും, മൂന്ന് സഹമന്ത്രിമാരും പുറത്താവും. പരീക്ഷ നടത്തിപ്പിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ധർമ്മേന്ദ്ര പ്രധാൻ വിദ്യാഭ്യാസമന്ത്രിയായി തുടരുമോയെന്ന ചർച്ചയും സജീവമാണ്. മന്ത്രിസഭയിൽ നിന്നും പുറത്താകുന്ന ഒരു മുതിർന്ന നേതാവിന് കർണാടകത്തിൽ പാർട്ടിയുടെ ചുമതല നൽകുമെന്നും വിവരമുണ്ട്. കേരളത്തിൽ നിന്ന് നിലവിൽ മന്ത്രിസഭയിലുള്ള രണ്ട് കേന്ദ്രമന്ത്രിമാരിൽ സുരേഷ്ഗോപി തുടർന്നേക്കും. എന്നാൽ രാജ്യസഭ സീറ്റ് നഷ്ടമായ സാഹചര്യത്തിൽ ജോർജ് കുര്യൻ പുറത്താകാനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പാർട്ടിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന വിമർശനം ബി ജെ പിക്കകത്തുണ്ട്. രാജ്യസഭാംഗമായ സദാനന്ദൻ മാസ്റ്റർ കേന്ദ്രമന്ത്രിയാകുമെന്ന സൂചന ശക്തമാണ്. സദാനന്ദന്റെ പ്രവർത്തനങ്ങളെ മോദി പലതവണ പുകഴ്ത്തിയിരുന്നു. അനിൽ ആന്റണിക്ക് കഴിഞ്ഞ തവണ മന്ത്രിസ്ഥാനം നൽകാൻ നേതൃത്വം ആലോചിച്ചതാണ്. ഇത്തവണയും പരിഗണനയിലുണ്ടെന്നാണ് വിവരം. മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ദില്ലിയിലെത്തി നേതൃത്വവുമായി കൂടികാഴ്ചകൾ നടത്തിയിരുന്നു. സുരേന്ദ്രന് ദേശീയ ചുമതല നൽകുമെന്നാണ് വിവരം. ബി ജെ പിക്ക് ഏറെ നിർണായകമായ യു പി, ഗുജറാത്ത്, മണിപ്പൂർ, ഗോവ അടക്കമുള്ള 7 സംസ്ഥാനങ്ങളിലാണ് അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലെ സാമൂഹ്യ സമവാക്യങ്ങളും കൂടി പരിഗണിച്ചാവും മന്ത്രിസഭയിലെ അഴിച്ചു പണി ആലോചിക്കുക. മണിപ്പൂരിൽനിന്നും ഒരാൾ രാജ്യസഭവഴി മന്ത്രിസഭയിലെത്തുമെന്നും വിവരമുണ്ട്. നിതിൻ നബീൻ അധ്യക്ഷനായ ശേഷമുള്ള സംഘടന മാറ്റങ്ങൾ തുടങ്ങിയിട്ടുണ്ട്. കേരളത്തിന്‍റെ പ്രഭാരി സ്ഥാനത്ത് നിന്ന് പ്രകാശ് ജാവ്ദേക്കർ മാറിയേക്കും. ദില്ലിയിലും യു പിയിലും നിലവിൽ കേന്ദ്രമന്ത്രിമാരാണ് സംസ്ഥാന അധ്യക്ഷൻമാർ. ഇരുവരും മന്ത്രിസ്ഥാനം ഒഴിയാനാണ് സാധ്യത. നിർമല സീതാരാമൻ അടക്കം മുതിർന്ന മന്ത്രിമാരുടെ ടീമിൽ മാറ്റമുണ്ടാകാം എന്ന അഭ്യൂഹവും ശക്തമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam