കഴിവും പണിയുമില്ലാത്ത ചില കലാകാരന്മാർ ടിവിയിൽ മുഖം കാണിക്കാനും ഷോ-ഓഫ് നടത്താനും വേണ്ടിയാണ് സമരത്തിന്റെ ഭാഗമാകുന്നത്. വിസ്മയ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ കാര്യങ്ങളുടെ യഥാർത്ഥ വശം അറിയാതെയാണെന്നും മേജർ രവി

തിരുവനന്തപുരം: ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങളിൽ സമരക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി. ആദ്യം സഹതാപം തോന്നിയെങ്കിലും പിന്നീട് നോക്കുമ്പോൾ അതിലെവിടെയാണ് കുട്ടികൾ, കുട്ടന്മാരല്ലേ സമരമുഖത്തുണ്ടായിരുന്നതെന്നാണ് മേജർ രവിയുടെ പ്രതികരണത്തിലുള്ളത്. പലർക്കുമെന്നെ തെറിവിളിക്കണമെന്ന് തോന്നാം. അത് സ്വാഭാവികം മാത്രമാണ്. സോനം വാങ്ചുകിന് വലിയ രീതിയിൽ വിദേശ ഫണ്ടുകൾ ലഭിച്ചിരുന്നു. കോൺഗ്രസ് ഭരണ സമയത്ത് ഇതിന് ചോദ്യങ്ങൾ നേരിട്ടിരുന്നില്ല. അമേരിക്കയിൽ നിന്ന് ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചാരണം തുടങ്ങുന്നു. പിന്നീട് ഇയാൾ തിരിച്ച് ഡൽഹിയിലെത്തി പ്രതിഷേധം തുടങ്ങുന്നു. സ്വന്തം കഴിവ് എന്താണെന്ന് പോലും അറിയാത്ത സാമൂഹ്യ മാധ്യമങ്ങളിൽ നിരാശരായ ഒരു കൂട്ടം യുവാക്കളാണ് ഡൽഹിയിലെ പ്രതിഷേധങ്ങളിൽ കാണാൻ കഴിയുന്നത്.

തുടക്കത്തിൽ വിദ്യാർത്ഥികളെ പോലീസ് ക്രൂരമായി മർദ്ദിക്കുന്ന വാർത്തകളും ദൃശ്യങ്ങളും കണ്ട് വിഷമം തോന്നിയെങ്കിലും, പിന്നീട് കാര്യം അന്വേഷിച്ചപ്പോഴാണ് അവിടെ വിദ്യാർത്ഥികൾ കുറവും മറ്റ് സ്വാർത്ഥ താത്പര്യക്കാരായ ആളുകളാണ് കൂടുതലും ഉണ്ടായിരുന്നതെന്ന് മനസ്സിലായത്. കഴിവും പണിയുമില്ലാത്ത ചില കലാകാരന്മാർ ടിവിയിൽ മുഖം കാണിക്കാനും ഷോ-ഓഫ് നടത്താനും വേണ്ടിയാണ് സമരത്തിന്റെ ഭാഗമാകുന്നത്. വിസ്മയ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ കാര്യങ്ങളുടെ യഥാർത്ഥ വശം അറിയാതെയാണെന്നും മേജർ രവി സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ പറയുന്നത്. വിസ്മയ വളരെ അധികം മനുഷ്യത്വമുള്ളയാളാണ്. അതിനാൽ തന്നെ പ്രതിഷേധത്തിന്റെ ഉൾവശങ്ങൾ മനസിലാക്കിയാവില്ല പ്രതികരണമെന്നും മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറയുന്നത്.

ജന്തർ മന്തർ പോലെയുള്ള നിശ്ചിത സ്ഥലങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം, രാജ്യത്തെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുകയും പോലീസിന് നേരെ ആക്രമണവും പേപ്പർ സ്പ്രേ പ്രയോഗവും നടത്തുമ്പോൾ സ്വാഭാവികമായും നിയമനടപടി ഉണ്ടാകും. പോലീസിനെ ആക്രമിച്ച ശേഷം കുട്ടികളെ അടിക്കുന്നു എന്ന് നിലവിളിക്കുന്നതിൽ അർത്ഥമില്ലെന്നും മേജർ രവി പറയുന്നത്. പരീക്ഷാ പേപ്പർ ചോർച്ച രാജ്യത്ത് ആദ്യമായി ഉണ്ടാവുന്നതല്ല. പേപ്പർ ചോർന്നാൽ അന്വേഷണവും അറസ്റ്റും ഉണ്ടാകും. സിബിഎസ്ഇയുടേയും നീറ്റിന്റേയും ഫുൾഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്. ജോർജ്ജ് സോറോസിനേപ്പോലുള്ളവരുടെ വിദേശ ഫണ്ടിംഗും ഗൂഡാലോചനയുമാണ് നിരവിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിലുള്ളത്. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കിയ ഇതേ പാറ്റേണിലുള്ളവരുടെ ആവശ്യം മോദിയെ മാറ്റുകയെന്നത് മാത്രമാണെന്നും അതിലൂടെ രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാനാണ് വിദേശ ശക്തികൾ ലക്ഷ്യമിടുന്നതെന്നും മേജർ രവി വിശദമാക്കുന്നത്.

പത്ത് വർഷത്തെ ഭരണത്തിനിടെ അഴിമതി ആരോപണങ്ങളൊന്നും കേന്ദ്രത്തിനെതിരെ ഉയർത്താനില്ല. വോട്ട് ചോരിയെന്ന് പറയുന്നതിന് തെളിവൊന്നുമില്ല. സിജെപി സമരത്തിൽ ഉയരുന്ന മുദ്രാവാക്യങ്ങളിലും വിദേശ ശക്തികളുടെ ഇടപെടലാണ് കാണാൻ കഴിയുക. കുട്ടികളെ അടിച്ചതിൽ വിഷമം ഉണ്ട്. എന്നാൽ കുട്ടികൾ കുട്ടികളായി ഇരിക്കുവെന്നും മേജർ രവി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം