
ദില്ലി: പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പിന്മാറാൻ സാധിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായി മറുപടി നൽകാതെ കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോഴിക്കോട് എംപി എംകെ രാഘവൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടിയിലാണ് അവ്യക്തത. കേരളം പദ്ധതിയിൽ ഒപ്പിട്ടെന്ന് വ്യക്തമാക്കിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, പദ്ധതിയുടെ രൂപരേഖയും കേരളത്തിൻ്റെ പങ്കാളിത്തവും മാത്രമാണ് എംപിക്ക് നൽകിയ മറുപടിയിൽ വിശദീകരിച്ചത്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള മാർഗനിർദേശങ്ങൾ എന്തൊക്കെ, കേരളത്തിന് അനുവദിച്ച തുക സംബന്ധിച്ച വിവരങ്ങളും ഈ മറുപടിയിൽ വിശദീകരിച്ചിട്ടില്ല.
പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. മുഖ്യമന്ത്രി തന്നെ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയതാണ് ഇക്കാര്യം. സിപിഐ മന്ത്രിമാർ ഉയർത്തിയ ശക്തമായ എതിർപ്പിനെ തുടർന്നായിരുന്നു ഇത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലോ, സിപിഎമ്മിലോ, മന്ത്രിസഭയിലോ ചർച്ചയോ അറിവോ ഇല്ലാതെയാണ് പിഎം ശ്രീയിൽ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടത്. ഇതേ ചൊല്ലി സിപിഐയും സിപിഎമ്മും രണ്ട് തട്ടിലായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് കിട്ടേഷ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക സഹായം ലഭ്യമാക്കാനാണ് ഒപ്പിട്ടതെന്നും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്നുമായിരുന്നു സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാദം.