ലൈഫ് മിഷന് യൂണിടാകിനെ അറിയാം, നിർമാണത്തിന് അനുമതി നൽകിയ രേഖ ഏഷ്യാനെറ്റ് ന്യൂസിന്

By Web TeamFirst Published Aug 20, 2020, 9:12 PM IST
Highlights

യൂണിടാക് വരച്ചുനൽകിയ, വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ഡ്രോയിംഗ് പരിശോധിച്ചുവെന്നും, ഇത് തൃപ്തികരമായതിനാൽ മുന്നോട്ടുപോകാമെന്നും ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന്.

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് റെഡ് ക്രസന്‍റും യൂണിടാകും തമ്മിലുള്ള ഇടപാടിനെക്കുറിച്ച് അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. കെട്ടിടത്തിന് ഫണ്ട് നൽകുന്ന ചാരിറ്റി സംഘടനയായ റെഡ് ക്രസന്‍റും നിർമാണക്കരാർ ലഭിച്ച യൂണിടാകും തമ്മിലുള്ള ഇടപാടിനിടെ, സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ പറ്റിയതിനെക്കുറിച്ച് സർക്കാരിന് അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യുഎഇ റെഡ് ക്രസന്‍റാണ് യുണിടാകിന് നിർമാണക്കരാർ നൽകിയതെന്നും, അതിനെക്കുറിച്ച് സംസ്ഥാനസർക്കാരിന് അറിവുണ്ടായിരുന്നില്ലെന്നുമാണ് ഈ വിവാദം പുറത്തുവന്നപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാൽ യൂണിടാക് നൽകിയ ഡ്രോയിംഗ് പരിശോധിച്ചുവെന്നും, ഇത് തൃപ്തികരമായതിനാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും കാണിച്ച് ലൈഫ് മിഷൻ സിഇഒ അയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

നിർമാണപ്രവർത്തനവുമായി മുന്നോട്ടുപോകാൻ അനുമതി നൽകി യുഎഇ റെഡ് ക്രസന്‍റിന് അയച്ച കത്തിന്റെ പകർപ്പാണ് ഏഷ്യാനെറ്റ് ന്യൂസ് - ന്യൂസ് അവറിൽ പുറത്തുവിട്ടത്. റെഡ് ക്രസന്‍റും സർക്കാരും ധാരണാപത്രം ഒപ്പിട്ടതിന് അടുത്ത മാസമാണ് ഈ കത്ത് അയച്ചിരിക്കുന്നത്. റെഡ് ക്രസന്‍റും സംസ്ഥാനസർക്കാരും തമ്മിൽ പങ്കുവച്ച കരാറും യൂണിടാക് എനർജി സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അയച്ച ഡ്രോയിംഗുകളും അടിസ്ഥാനപ്പെടുത്തിയാണ് കത്ത്. 

വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് യൂണിടാക് അയച്ച ഡ്രോയിംഗുകൾ പരിശോധിച്ചു. ഇത് തൃപ്തികരമാണ്. നിർമാണപ്രവർത്തികളുമായി മുന്നോട്ടുപോകാം. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും നേടാൻ ലൈഫ് മിഷൻ സഹായിക്കും. നിർമാണത്തിന് ശേഷം ഈ കെട്ടിടം ലൈഫ് മിഷനെ ഏൽപിക്കേണ്ടതാണ്. കെട്ടിടനിർമാണത്തിനുള്ള കാലയളവ് ഒരു വർഷമാണ്. 

ഈ അനുമതി പത്രം യൂണിടാക് എനർജി സൊല്യൂഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനും അയച്ച് നൽകാം എന്നും കത്തിൽ പറയുന്നു. കത്തിന്‍റെ പകർപ്പ് യൂണിടാകിന്‍റെ അഡ്മിൻ മാനേജർ മനീഷ് എസ് പിക്കും നൽകിയിട്ടുണ്ട്. 

''യുഎഇ റെഡ് ക്രസന്‍റ് എന്നത് ഒരു ചാരിറ്റി സംഘടനയാണ്. അവർ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നമുക്ക് സഹായം ചെയ്യാൻ മുന്നോട്ടുവന്നു. അതിന് സ്ഥലം ചൂണ്ടിക്കാണിച്ച് കൊടുത്തു എന്നല്ലാതെ ഇതിൽ വേറെ ഒരു അറിവും സർക്കാരിന് ഇല്ല. അവർ നേരിട്ടാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവരുടെ പണത്തിൽ വല്ല തിരിമറിയും നടന്നോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്'', എന്നാണ് മുഖ്യമന്ത്രി സ്വപ്ന കമ്മീഷൻ വാങ്ങിയതിനെക്കുറിച്ച് പ്രതികരിച്ചത്.

അതേസമയം, ഒരു വിവാദവും ലൈഫ് മിഷനെ ബാധിക്കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. ''പാവങ്ങളുമായി ബന്ധപ്പെട്ട, പാവങ്ങൾക്ക് വീട് കിട്ടേണ്ട പദ്ധതിയെ ഒരു വിവാദവും ബാധിക്കില്ല. ഏത് എതിർപ്പിനെയും മറികടന്ന് മുന്നോട്ടുപോകും'', എന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ പ്രതികരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രി.

click me!