
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി കോളേജിൽ നിന്ന് ടിസി വാങ്ങി മടങ്ങി. യൂണിവേഴ്സിറ്റി കോളെജിൽ തുടർന്ന് പഠിക്കാനുള്ള സാഹചര്യമുണ്ടായില്ലെന്നും അതിനാലാണ് ടിസി വാങ്ങി മടങ്ങുന്നതെന്നും പെൺകുട്ടി പറഞ്ഞു.
യൂണിയൻ ഭാരവാഹികളുടെ സമ്മർദ്ദം തന്നെയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. പക്ഷേ പഠനത്തിൽ ശ്രദ്ധിക്കേണ്ടത് കൊണ്ട് കേസിന് ഇല്ലെന്നും പറഞ്ഞ പെൺകുട്ടി തന്റെ അനുഭവം യൂണിവേഴ്സിറ്റി കോളേജിൽ മാറ്റത്തിന് കാരണമാകട്ടെയെന്നും കൂട്ടിച്ചേർത്തു. വർക്കല എസ്എൻ കോളേജിലേക്ക് മാറണമെന്ന പെൺകുട്ടിയുടെ അപേക്ഷ കേരള സർവ്വകലാശാല അംഗീകരിച്ച് ഉത്തരവിറക്കി. മുടങ്ങിയ പരീക്ഷയും പുതിയ കോളേജിൽ എഴുതാം.
യൂണിവേഴ്സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. എസ്എഫ്ഐ യൂണിയന്‍റെ നിരന്തരസമ്മർദ്ദമാണ് കാരണമെന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. പക്ഷെ പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പൊലീസിന് മൊഴി നൽകി.
പെൺകുട്ടിയുടെ ആത്മഹത്യാശ്രമത്തിന് പിന്നാലെ കൂടുതൽ രക്ഷിതാക്കൾ എസ്എഫ്ഐ യൂണിയനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രക്ഷിതാക്കളിൽ നിന്നും തെളിവെടുപ്പ് നടത്തിയ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകും. കൂടുതൽ അന്വേഷണത്തിനായി സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാംപയിൻ കമ്മിറ്റി സ്വതന്ത്ര ജൂഡീഷ്യൽ കമ്മീഷനെ വെച്ചു. അതേസമയം, ആരോപണങ്ങളെല്ലാം എസ്എഫ്ഐ നിഷേധിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam