
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് കേസുകളിലും ജാമ്യം നേടി ജയിലിന് പുറത്തേക്ക്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജയിലിന് പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡിയും സമൻസും ഉടൻ നൽകും.
അയ്യപ്പന്‍റെ സ്വർണം കൊള്ളയടിച്ച കേസിന്‍റെ ആസൂത്രകൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച പ്രതിയും കുറ്റപത്രം നൽകാൻ വൈകിയതിന്‍റെ അനുകൂല്യത്തിൽ പുറത്തിറങ്ങുകയാണ്. മുരാരി ബാബുവിനും ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി പോറ്റിയ്ക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. ജനുവരി 21ന് ആയിരുന്നു പോറ്റിയ്ക്ക് ദ്വാരപാലകപാളി കേസിൽ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.
പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒന്നാം പ്രതി തന്നെ പുറത്ത് പോകുന്നത് കേസിലെ മെല്ലെപ്പോക്ക് വീണ്ടും ചർച്ചയാക്കും. ഫെബ്രവരി 11 എൻ വാസു, 20 സിപിഎം നേതാവ് പത്മകുമാർ അടക്കമുള്ള മറ്റ് പ്രതികളുടെയും അറസ്റ്റ് നടന്ന് 90 ദിവസം പൂർത്തിയാകും.
നിലവിലെ സാഹചര്യത്തിൽ ഇരുവർക്കും കൂടി ജാമ്യം ലഭിച്ചേക്കും. പോറ്റിയുമായുള്ള ബന്ധത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് അടക്കമുള്ളവർക്കെതിരെ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് പോറ്റി പുറത്തെത്തുന്നത്. ഇക്കാര്യത്തിൽ പോറ്റി എന്ത് വെളിപ്പെടുത്തൽ നടത്തും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന പോറ്റിയെ കാത്തി ഇഡിയുമുണ്ട്. നേരത്തെ 1.3 കോടിരൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ ഇഡിയും ഉടനെ ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam