
എറണാകുളം: പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാന്‍ മില്‍മ എറണാകുളം യൂണിയനില്‍ ഭരണസമിതിയുടെ നീക്കം. എംഡി നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുളള ഭരണഘടനാ ഭേദഗതി പൊതുയോഗത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. ഭരണസമിതിയുടെ നീക്കത്തിനെതിരെ മില്‍മയിലെ സിഐടിയു യൂണിയനടക്കം സര്‍ക്കാരിനെ സമീപിച്ചു. ഡയറി സയന്‍സും ഡയറി എന്‍ജിനീയറിംഗും ഉള്‍പ്പെടെ പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം പ്രദാനം ചെയ്യുന്ന ബിരുദങ്ങളായിരുന്നു മില്‍മ മേഖലാ യൂണിയന്‍ എംഡി സ്ഥാനത്തേക്കുളള അടിസ്ഥാന യോഗ്യത. ഒപ്പം മാനേജീരിയല്‍ കേഡറിലെ പത്തു വര്‍ഷത്തെ അനുഭവ സമ്പത്തും വേണം. എന്നാല്‍, ഈ യോഗ്യതയില്‍ മാറ്റം വരുത്താനുളള നീക്കമാണ് എറണാകുളം മേഖലാ യൂണിയന്‍ തുടങ്ങിവെച്ചിരിക്കുന്നത്. മേഖലാ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബൈലോ തന്നെ തിരുത്താനാണ് നീക്കം.
പുതിയ ഭേദഗതി നിര്‍ദേശം നടപ്പില്‍ വന്നാല്‍ പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവര്‍ക്കും എറണാകുളം യൂണിയനില്‍ ഇനി എംഡിയാകാം. പാലുമായും പശുവുമായും ബന്ധമില്ലാത്തവര്‍ മില്‍മയെ നയിച്ചാലുണ്ടാകുന്ന പ്രശ്നങ്ങളാണ് ബൈലോ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.നിർദിഷ്ട ഭേദഗതിയിൽ എംബിഎയോ കമ്പനി സെക്രട്ടറി, ചാർട്ടേർഡ് അക്കൗണ്ടന്‍റ് യോഗ്യതയോ ഉണ്ടെങ്കിൽ സ്ഥാനക്കയറ്റം വഴി എം ഡി ആകാം. എന്നാൽ, നേരിട്ടുള്ള നിയമനത്തിന് ഡയറി സയൻസ് യോഗ്യത നിലനിർത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസ് ഭരണസമിതിയുടെ വിശ്വസ്തരായ ചില ഉദ്യോഗസ്ഥരെ എംഡിയാക്കാനുളള പിന്‍വാതില്‍ നീക്കമാണ് നടക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. മില്‍മയിലെ സിഐടിയു യൂണിയനും ഓഫീസേഴ്സ് അസോസിയേഷനും ഭരണസമിതിയുടെ നീക്കത്തിനെതിരെ ക്ഷീര വികസന മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി കഴിഞ്ഞു.
ചില ക്ഷീര സംഘം പ്രസിഡന്‍റുമാരും ഭരണസമിതിയുടെ നീക്കത്തില്‍ വിയോജിപ്പിലാണ്. എന്നാല്‍, മില്‍മ ഫെഡറേഷന്‍ മാതൃകയിലുളള ബൈലോ ഭേദഗതി മാത്രമാണ് നടക്കുന്നതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മില്‍മ എറണാകുളം മേഖലാ ഭരണസമിതി നേതൃത്വം വിശദീകരിക്കുന്നു. ഫെഡറേഷന്‍ എംഡിയുടെയും മേഖലാ യൂണിയന്‍ എംഡിയുടെയും ഉത്തരവാദിത്വങ്ങള്‍ വ്യത്യസ്തമാണെന്നാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്. 27 ന് നടക്കുന്ന പൊതുയോഗത്തിൽ മൂന്നിൽ രണ്ട് പിന്തുണ നേടി ഭേദഗതി പാസാക്കാനുള്ള നീക്കമാണ് അണിയറയിൽ മുറുകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam