'കമ്മ്യൂണിസ്റ്റുകാരന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു'; സജി ചെറിയാന്‍റെ രാജി ധീരതയെന്ന് ബിനോയ് വിശ്വം

Published : Jul 06, 2022, 06:37 PM ISTUpdated : Jul 06, 2022, 07:03 PM IST
'കമ്മ്യൂണിസ്റ്റുകാരന്‍റെ  മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു'; സജി ചെറിയാന്‍റെ രാജി ധീരതയെന്ന് ബിനോയ് വിശ്വം

Synopsis

'കമ്മ്യൂണിസ്റ്റുകാരന്‍റെ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സജി ചെറിയാന്‍റെ രാജി ധീരമായ നടപടിയാണ്. . ഇടതുപക്ഷ ബന്ധുക്കൾ ഇന്ത്യയിലെമ്പാടും അദ്ദേഹത്തെച്ചൊല്ലി അഭിമാനം കൊള്ളുന്നു'

ദില്ലി:  മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍റെ നടപടിയില്‍ അഭിമാനമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാരന്‍റെ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സജി ചെറിയാന്‍റെ രാജി ധീരമായ നടപടിയാണ്. . ഇടതുപക്ഷ ബന്ധുക്കൾ ഇന്ത്യയിലെമ്പാടും അദ്ദേഹത്തെച്ചൊല്ലി അഭിമാനം കൊള്ളുന്നു. പ്രിയ സഖാവിന് അഭിവാദ്യങ്ങളെന്ന് ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു. 

മലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ താൻ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ വിമർശിച്ചെന്ന രീതിയിലാണ് വാർത്ത പുറത്തുവന്നതെന്നും അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതിയില്ലെന്നുമാണ് രാജി പ്രഖ്യാപിച്ച് കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സജി ചെറിയാന്‍ പറ‍ഞ്ഞത്. താൻ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ മൂല്യങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് നിയമസഭയിൽ വ്യക്തമാക്കിയതാണ്.

 

 

താനടങ്ങുന്ന രാഷ്ട്രീയ പാർട്ടി ഭരണഘടന നേരിടുന്ന വെല്ലുവിളിക്കെതിരെ അതിശക്തമായ നിയമപരമായും അല്ലാതെയുമുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ശക്തമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്തമായി ഏറ്റെടുത്തതാണ് സിപിഎമ്മും ഇടതുപക്ഷവും. സ്വാതന്ത്ര്യത്തിന് ശേഷം ഭരണഘടനയിൽ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നീതിക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ വരെ അട്ടിമറിക്കപ്പെടുകയുണ്ടായി.

താനടങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇതിനെതിരെ ശക്തമായി നിലകൊണ്ടു. അടിയന്തിരാവസ്ഥ, പൗരത്വ നിയമ ഭേദഗതി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതടക്കമുള്ള പ്രശ്നങ്ങളിൽ എന്റെ പ്രസ്ഥാനം മുന്നിൽ നിന്നു. കോൺഗ്രസും ബിജെപിയും ആണ് ഇതിന്റെയെല്ലാം കാരണക്കാരെന്നും സജി ചെറിയാൻ പറഞ്ഞു. ഈ വിഷയങ്ങളാണ് പ്രസംഗത്തിൽ ഉന്നയിച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരായി വ്യാഖ്യാനിക്കുമെന്ന് കരുതിയതേയില്ല. താൻ സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ രാജ്യത്തോടും നീതി വ്യവസ്ഥയോടും ഭരണഘടനയോടും അങ്ങേയറ്റത്തെ കൂറ് പുലർത്തി.

പ്രസംഗത്തിലെ ചില ഭാഗം അടർത്തിമാറ്റിയാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നത്. അത് സിപിഎമ്മിനെയും ഇടതുപക്ഷത്തെയും ദുർബലപ്പെടുത്താനുമുള്ള ശ്രമമാണ്. ഇത് അതിയായ ദുഖമുണ്ടാക്കി. ഞാൻ ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി. ഈ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തീരുമാനിച്ചു. അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും സജി ചെറിയാന്‍ പറഞ്ഞു. 

അതേസമയം, സജി ചെറിയാന്‍റെ ചുമതലകൾ നിലവിലെ മറ്റൊരു മന്ത്രിക്ക് കൈമാറാനാണ് തീരുമാനം. പുതിയ മന്ത്രി വേണ്ടെന്നാണ് പാർട്ടിയിലെ ധാരണ. ഒന്നാം പിണറായി മന്ത്രിസഭയിൽ ഇപി ജയരാജൻ രാജിവെച്ച ശേഷം മടങ്ങി വന്നത് പോലെ സജി ചെറിയാനും ഇപ്പോഴത്തെ വിവാദങ്ങളും നിയമ പ്രതിസന്ധികളും മറികടന്ന് തിരികെ വരാനുള്ള സാധ്യതകൾ കൂടിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഭരണഘടനയ്ക്ക് എതിരായ പരാമർശങ്ങളെ തുടർന്നുള്ള വിവാദത്തിൽ മന്ത്രി സജി ചെറിയാനെതിരെ നടപടി വൈകുന്നതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഇത് അറിയിച്ചതിന് പിന്നാലെയാണ് സിപിഎം മന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് മന്ത്രി സജി ചെറിയാനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത്. പിന്നാലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുന്നതായി അറിയിച്ച് കൊണ്ടുള്ള കത്ത് കൈമാറുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കഴിച്ച പാത്രം കഴുകിവച്ച എം എ ബേബിക്ക് പരിഹാസം; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ
പ്രതിമാസം 687 രൂപ പ്രിമിയം, വർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ; മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനമന്ത്രി