ഊരാളുങ്കൽ മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞ്, കമ്മീഷൻ കിട്ടുന്നത് പാർട്ടിക്കെന്നും കെ സുധാകരൻ

Published : Jun 19, 2022, 01:17 PM IST
ഊരാളുങ്കൽ മുഖ്യമന്ത്രിയുടെ പിഞ്ചുകുഞ്ഞ്, കമ്മീഷൻ കിട്ടുന്നത് പാർട്ടിക്കെന്നും കെ സുധാകരൻ

Synopsis

പയ്യന്നൂരിൽ രക്തസാക്ഷി ഫണ്ട് കട്ട ടി.ഐ.മധുസൂദനൻ എംഎൽഎയെ പുറത്താക്കണമെന്നും സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെ പി‍ഞ്ചുകുഞ്ഞാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എല്ലാ കരാറും ഊരാളുങ്കലിനാണ് കിട്ടുന്നത്. അതുകൊണ്ട് മറ്റ് കരാറുകാരെല്ലാം പിന്മാറുകയാണ്. കരാറുകളിലൂടെ ലഭിക്കുന്ന കമ്മീഷൻ പാർട്ടിയിലേക്ക് എത്തുന്നതായും സുധാകരൻ ആരോപിച്ചു. പയ്യന്നൂരിൽ ഫണ്ട് കൈകാര്യം ചെയ്തതിൽ ജാഗ്രതക്കുറവ് ഉണ്ടായി എന്നാണ് സിപിഎം പറയുന്നത്.  ജാഗ്രതക്കുറവുണ്ടായി എന്ന് സിപിഎം പറഞ്ഞാൽ കട്ടു എന്നാണ് അർത്ഥം. ഇക്കാര്യം സമ്മതിച്ച സിപിഎം, ടി.ഐ.മധുസൂധനനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. രക്തസാക്ഷി ഫണ്ട് കക്കുന്നത് ശവം തിന്നുന്നതിന് തുല്യമാണ്. അഴിമതി പുറത്ത് കൊണ്ടുവന്ന ഏരിയാ സെക്രട്ടറിക്ക് രാഷ്ട്രീയം മതിയാക്കേണ്ടി വന്നു. 50 വർഷത്തെ പാരമ്പര്യമുളള നല്ല കമ്യൂണിസ്റ്റായ വി.കുഞ്ഞികൃഷ്ണൻ പോയിട്ടും സിപിഎമ്മിന് കുലുക്കമില്ലെന്നും സുധാകരൻ ആരോപിച്ചു. ഒരു ജീവിതം പാർട്ടിക്ക് വേണ്ടി സമർപ്പിച്ചയാളെ അഴിമതിക്കാരനെ സംരക്ഷിക്കാൻ ബലിയാടാക്കി. ഈ വിഷയത്തിൽ പാർട്ടി നടത്തിയ അന്വേഷണം പ്രഹസനമാണ്. നിയമപരമായ അന്വേഷണത്തിനായി കോൺഗ്രസ് ആവശ്യപ്പെടുകയാണെന്നും സുധാകരൻ വ്യക്തമാക്കി.

സ്വപ്ന പറയുന്നതെല്ലാം സത്യമെന്ന് കോൺഗ്രസിന് ഉത്തമ ബോധ്യം ഉണ്ടെന്നും കെ.സുധാകരൻ പറഞ്ഞു. രാഷ്ട്രീയക്കാരെ പോലെയല്ല, രേഖകൾ വച്ചാണ് സ്വപ്നയുടെ സംസാരം. സരിതയെ ആയുധമാക്കിയാലും സ്വപ്നയെ തകർക്കാൻ ആകില്ല. അനിത പുല്ലയിൽ നിയമസഭയിൽ എത്തിയ വിഷയത്തിൽ കോൺഗ്രസ് ഇടപെടുന്നില്ല എന്നും കെ.സുധാകരൻ പറഞ്ഞു. കോൺഗ്രസിനെതിരെ പ്രവർത്തിച്ച ആളല്ല അനിത. കോൺഗ്രസ് കേസിന് പോകേണ്ട ആവശ്യമില്ല. അതൊക്കെ സർക്കാർ തീരുമാനിക്കട്ടെ എന്നും കെ.സുധാകരൻ പറഞ്ഞു. 

സിപിഎം അക്രമത്തിന്റെ ക്രൂരതയാണ് കണ്ണൂരിൽ കണ്ടതെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. കഴുത്തറുക്കാനുള്ള സിപിഎമ്മിന്റെ ആഗ്രഹമാണ് അവ‌ർ ഗാന്ധി പ്രതിമയുടെ കഴുത്തറുത്ത് തീർത്തതെന്നും സുധാകരൻ ആരോപിച്ചു. ആക്രമണത്തിന് തിരിച്ചടി കിട്ടിയാലെ സിപിഎം പഠിക്കൂ. വിമാനത്തിലെ  പ്രതിഷേധത്തിൽ ഇ പി ജയരാജനെ പ്രതി ചേർത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും സുധാകരൻ പറഞ്ഞു. 

സമ്പന്നമായ ഗാന്ധി-നെഹ‍്റു കുടുംബത്തിന് ജീവിക്കാൻ പണം കക്കേണ്ട ആവശ്യം ഇല്ല. നാഷണൽ ഹെറാൾഡ് പത്രത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായതാണെന്നും കെ.സുധാകരൻ വ്യക്തമാക്കി. 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം