ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വെച്ചില്ല, സംസ്കാര ചടങ്ങിലും പങ്കെടുക്കാൻ അനുവദിച്ചില്ല; ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ വിദ്യാർത്ഥി പ്രതിഷേധം

Published : May 01, 2026, 04:04 PM IST
adithyan death students protest

Synopsis

ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. കൂടാതെ ആദിത്യത്തിന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടായി. അതേസമയം, ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാനാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥികൾ

ബെംഗളൂരു: മലയാളി നേഴ്സിംഗ് വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ബെംഗളൂരു ബിടിഎൽ നേഴ്സിംഗ് കോളേജിൽ പ്രതിഷേധം. ആദിത്യന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തിയത്. കൂടാതെ ആദിത്യത്തിന്റെ സംസ്കാര ചടങ്ങിന് പോകാൻ വിദ്യാർത്ഥികളെ അനുവദിക്കാത്തതിലും പ്രതിഷേധമുണ്ടായി. അതേസമയം, ആദിത്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കാനാണ് കോളേജ് അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകനെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ആരോപണ വിധേയനായ അധ്യാപകന് മരണത്തിൽ പങ്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. മാനേജ്മെന്റുമായി ചർച്ച ചെയ്യാമെന്ന് കോളേജ് അധികൃതർ പറയുന്നു. എന്നാൽ ചർച്ച തങ്ങൾക്ക് മുന്നിൽവച്ച് വേണമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. നേരത്തെ, ആദിത്യന്റെ മരണത്തിൽ കോളേജ് മാനേജ്മെന്റിനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നു എന്നാണ് പരാതി. വിദ്യാർത്ഥി ജീവനൊടുക്കിയത് ഒറ്റപ്പെടൽ നേരിട്ടതുകൊണ്ടാണെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.

മരണ വിവരം അറിഞ്ഞ ഇന്നലെ ബംഗളൂരുവിൽ എത്തിയ അച്ഛൻ പ്രദീപ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോട് ആദിത്യൻ ആത്മഹത്യ ചെയ്തതാണെന്ന് മാനേജ്മെന്റ് തറപ്പിച്ച് പറഞ്ഞതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്. പരാതി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ ഹെബ്ബഗോഡി പൊലീസ് വിമുഖത കാണിച്ചതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ബെംഗളൂരുവിലെ ഒരു അഭിഭാഷകന്റെ ഇടപെടലിനു ശേഷമാണ് പരാതി സ്വീകരിക്കാൻ പോലും പൊലീസ് തയ്യാറായത്. സഹപാഠികളുടെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ആദിത്യൻ പരാതി നൽകിയിട്ടും നടപടി എടുക്കാത്തതും ദുരൂഹമാണ്.

പരാതി നൽകിയ ആദിത്യനും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ആരോപണ വിധേയർ പറഞ്ഞപ്പോൾ മാനേജ്മെന്റ് എന്തു നടപടി എടുത്തു എന്നതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ഈ ആരോപണവുമായി ബന്ധപ്പെട്ട് അധ്യാപകന്റെ കുറ്റപ്പെടുത്തലുകൾക്കും ആദിത്യൻ ഇരയായിരുന്നു. ഈ വിവരങ്ങൾ എല്ലാം ഉന്നയിച്ച് അച്ഛൻ പ്രദീപ് നൽകിയ പരാതി സ്വീകരിച്ചിട്ടുണ്ടെങ്കിലും പൊലീസ് അതിൽ തുടർനടപടികൾ ഒന്നും ഇതുവരെ എടുത്തിട്ടില്ല. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ ബന്ധുവിന്റേതാണ് കോളേജ് എന്നതാണോ നടപടികളിലെ മെല്ലെ പോക്കിന് കാരണം എന്ന് കുടുംബത്തിന് സംശയമുണ്ട്. ഇതിനിടയിലാണ് ആദിത്യന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട പരാതി ഒന്നിലേറെ തവണ ആദിത്യൻ ഉയർത്തിയിട്ടും എന്തുകൊണ്ട് വിദ്യാർത്ഥിയെ മറ്റൊരു മുറിയിലേക്ക് മാറ്റിയില്ല എന്ന ചോദ്യവും ഈ ഘട്ടത്തിൽ ഉയരുന്നുണ്ട്. അതേസമയം ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് മാനേജ്മെന്റ്. ഒറ്റപ്പെടൽ ഉയർത്തിയ മാനസിക സംഘർഷവും പ്രണയ പരാജയവും ആകാം ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഒരു വിശദീകരണം ആണ് മാനേജ്മെന്റ് നൽകുന്നത്. ഈ വിശദീകരണം വിശ്വാസത്തിൽ എടുക്കാൻ ആദിത്യന്റെ കുടുംബവും തയ്യാറല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ച് മരണം, ആലപ്പുഴ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു
ബാബുവിന് പിടിവീണത് അരമണിക്കൂറിൽ, സൈക്കിളുകളൾ മാത്രമല്ല കാണിക്കവഞ്ചിയിലും കണ്ണ്; മോഷ്ടാവ് അറസ്റ്റിൽ