
കൊച്ചി: ഉത്രവധക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തിയെന്ന് ആരോപിച്ച് പൊലീസ് അമ്മക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചു. പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് ആണ് കേസെടുത്തിരുന്നത്. ഇവരുടെ ഹർജി കോടതി ജനുവരി 16ന് വീണ്ടും പരിഗണിക്കും.
അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞാണ് സൂരജ് പരോളിന് ശ്രമിച്ചത്. സൂരജിന്‍റെ തട്ടിപ്പ് ജയിൽ അധികൃതർ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റിലെ ക്രമക്കേട് ജയിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെ ആണ് സൂരജിന്‍റെ കള്ളം പൊളിഞ്ഞത്. ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് സൂരജിന് ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്. 2021 ഒക്ടോബർ 13നാണ് കോടതി 17 വർഷം തടവും, ശേഷം കഠിന തടവും വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിലാണ് സൂരജ് ശിക്ഷ അനുഭവിക്കുന്നത്. പരോളിന് സൂരജ് അപേക്ഷ നൽകിയെങ്കിലും തള്ളിയിരുന്നു. ഇതിനിടെയാണ് അച്ഛന് ഗുരുതരമായ രോഗമാണെന്നും പരോള്‍ വേണമെന്നും ആവശ്യപ്പെട്ട് സൂപ്രണ്ടിന് അപേക്ഷ നൽകുന്നത്.
ഡോക്ടർ സർട്ടിഫിക്കറ്റിൽ അച്ഛന് ഗുരുതര രോഗമാണെന്ന് രേഖപ്പെടുത്തി. സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറോട് തന്നെ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ കൂടുതൽ കാര്യങ്ങള്‍ ശേഖരിച്ചു. സൂപ്രണ്ടിന് ലഭിച്ച സർട്ടിഫിക്കറ്റും അയച്ചു നൽകി. സർട്ടിഫിക്കറ്റ് നൽകിയത് താനാണെങ്കിലും അതിൽ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.
വ്യാജ രേഖയാണെന്ന് വ്യക്തമായതോടെ സൂരജിനെതിരെ സൂപ്രണ്ട് പൂജപ്പുര പൊലീസിൽ പരാതി നൽകി. ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം അതിൽ ഗുരുതര രോഗമെന്ന് എഴുതി ചേർത്തതെന്നാണ് കണ്ടെത്തൽ. പുറത്തു നിന്നുള്ള ആരോ ആണ് വ്യാജരേഖയുണ്ടാക്കിയതെന്നാണ് വിവരം. അമ്മയായിരുന്നു സർട്ടിഫക്കറ്റ് ഹാജരാക്കിയത്. സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും. ഒപ്പം സൂരജിനെ സഹായിച്ചവരെയും ഇനി കണ്ടെത്തണം. പൊലീസ് അന്വേഷണത്തിനാണ് ഗൂഡാലോചന വ്യക്തമാകേണ്ടത്. പരോള്‍ സംഘടിപ്പിക്കാൻ വ്യാജ രേഖകളുണ്ടാക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന സംശയുമുണ്ട്.
കലൂര്‍ അപകടം; കടുത്ത നടപടിയിലേയ്ക്ക് പൊലീസ്, പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam