
പത്തനംതിട്ട: അടൂരിലെ (Adoor) പറക്കോട് ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലെ അന്തർമുഖനായ യുവാവിൽ നിന്ന് ലോകത്തെ നടുക്കുന്ന കൊടുംകുറ്റവാളിയായുള്ള സൂരജിന്റെ (Sooraj) മാറ്റം ആരേയും ഞെട്ടിക്കുന്നതാണ്. അടൂർ പറക്കോട് ശ്രീസൂര്യ വീട്ടിൽ സുരേന്ദ്രന്റെയും രേണുകയുടെയും മൂത്ത മകനാണ് സൂരജ്. ബിരുദ വിദ്യാഭ്യാസമുള്ള സൂരജ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 2018 മാർച്ച് 25 നാണ് ഉത്രയെ (Uthra) വിവാഹം കഴിക്കുന്നത്. നാട്ടുകാർക്കും പരിചയക്കാർക്കും യാതൊരു അഭിപ്രായ വ്യത്യാസവുമില്ലാതിരുന്ന സൂരജാണ് ഇന്ന് കേരളം നടുക്കത്തോടെ നോക്കികാണുന്ന കൊടും കുറ്റവാളിയായി മാറിയത്.
ഭാര്യയുടെ പേരിലുള്ള സ്വത്ത് ഒറ്റയ്ക്ക് കൈക്കലാക്കാനുള്ള സൂരജിന്റെ ആർത്തിയാണ് ഉത്രയെന്ന പാവപ്പെട്ട പെൺകുട്ടിയുടെ ജീവനെടുത്തത്. സ്വന്തം ചോരയിൽ പിറന്ന കുട്ടി കൺമുന്നിൽ ഓടിക്കളിക്കുമ്പോൾ അച്ഛന്റെ മനസിൽ ആ കുഞ്ഞിന്റെ അമ്മയെ കൊന്നുകളയണമെന്ന ചിന്തയായിരുന്നു. എങ്ങനെ കൊല്ലാമെന്ന് ഒരുപാട് ആലോചിച്ചു. അടിമപ്പെട്ടുപോയ യൂട്യൂബിൽ പരതി. പാമ്പുകളെ പറ്റി പഠിച്ചു. പാമ്പിനെ വിലകൊടുത്ത് വാങ്ങി.
Read Also: കേരളത്തെ കരയിച്ച ആ കൊടും കുറ്റവാളിക്ക് ശിക്ഷ എന്ത്? ഉത്രവധക്കേസിൽ സൂരജിന്റെ വിധി ഇന്ന്
ആദ്യ ശ്രമം അണലിയെ ഉപയോഗിച്ച് ആയിരുന്നു. പാമ്പ് കടിച്ച് പരിക്കേറ്റ് ഉത്ര ആശുപത്രിയിൽ കിടക്കുമ്പോഴും ഐസിയുവിന് മുന്നിലിരുന്ന് സൂരജ് അടുത്തതായി ഏത് പാമ്പിനെ ഉപയോഗിക്കണമെന്ന് തെരയുകയായിരുന്നു. രണ്ടാം തവണ സൂരജ് ലക്ഷ്യം കണ്ടു. പിന്നീട് കണ്ടതെല്ലാം കരുതികൂട്ടി നടപ്പിലാക്കിയ നാടകങ്ങൾ. ഉത്രയുടെ മരണത്തിൽ സംശയമുന്നയിച്ച് വീട്ടുകാർ പൊലീസിൽ പരാതി കൊടുത്തതിന് പിന്നാലെ ഉത്രയുടെ സഹോദരൻ വിഷ്ണുവാണ് പാമ്പിനെ കൊണ്ട് കടിപ്പിച്ചതെന്ന പരാതിയുമായി സൂരജിനെതിരെ കൊല്ലം റൂറൽ എസ്പിയെ സമീപിച്ചത്. പൊലീസ് അറസ്റ്റ് ചെയ്തിട്ടും പ്രതി കുറ്റം സമ്മതിച്ചില്ല. പക്ഷെ തെളിവുകൾ നിരത്തി പൊലീസ് സൂരജിനെ പൂട്ടി.
ഉത്രയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ സൂരജ് പൊട്ടിക്കരഞ്ഞു. പൊതുസമൂഹത്തിന് മുന്നിൽ സഹതാപം കിട്ടുമെന്ന കരുതി ആയിരുന്നു ഈ കരച്ചിൽ നാടകം. ഏറ്റവും ഒടുവിൽ കുറ്റക്കാരനാണെന്ന് വിധിച്ച ദിവസം കോടതി മുറിക്കുള്ളിൽ നിർവികാരനായിരുന്നു സൂരജ്. അവസാനമായി എന്ത് പറയാനുണ്ടെന്ന ചേദ്യത്തിന് , വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും മാത്രമാണ് ഉള്ളതെന്നും അവർക്ക് വേറെ ആരും ഇല്ലെന്നുമായിരുന്നു മറുപടി. അപ്പോഴും രണ്ടര വയസുള്ള സ്വന്തം കുഞ്ഞിനെ കുറിച്ചൊരു വാക്ക് പോലും പറയാൻ അയാൾ തയ്യാറായില്ല.
Read Also: ഉത്ര വധക്കേസ്; സൂരജിന്റെ വധശിക്ഷയാണ് സമൂഹം ആഗ്രഹിക്കുന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam