
ദില്ലി: ഗുജറാത്ത് കലാപ സമയത്ത് മോദിയെ പേടിച്ച് മുങ്ങിയെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണം അസംബന്ധമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് കലാപ സമയത്ത് താൻ മോദിയെ പേടിച്ച് മുങ്ങിയെന്നത് കെട്ടുകഥയാണ്. ദില്ലിയിൽ അന്ന് സംയുക്ത വാർത്താസമ്മേളനം നടത്തിയിരുന്നു. സന്ദർശനത്തിന്‍റെ വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെന്നും യെച്ചൂരി പറഞ്ഞു. ഗുജറാത്ത് കലാപത്തിന് പിന്നാലെ ഇഹ്സാന്‍ ജഫ്രിയുടെ വിധവയെ സോണിയ ഗാന്ധി സന്ദര്‍ശിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു യെച്ചൂരിക്ക് എതിരായ വി ഡി സതീശന്‍റെ വിമര്‍ശനം.
ശബാന ആസ്മി, രാജ് ബബര്‍, യെച്ചൂരി എന്നിവരെ പൗരാവകാശ പ്രവര്‍ത്തകയായ ടീസ്ത സെതല്‍വാദ് ഗുജറാത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഇവരെ വിളിച്ച് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചതോടെ ഇവര്‍ തിരിച്ച് പോയെന്നാണ് സതീശന്‍റെ ആരോപണം. മോദിയെ പേടിച്ച് നേതാക്കള്‍ മുങ്ങിയെന്നാണ് ടീസ്ത വെളിപ്പെടുത്തിയതെന്നായിരുന്നു സതീശന്‍ വിശദീകരിച്ചത്.