'ജി സുധാകരനോട് ആദരം, തളിപ്പറമ്പിന്‍റെ പേരിൽ സിപിഎമ്മില്‍ എന്തൊക്കെയാ നടക്കുന്നത്?' ടീം യുഡിഎഫ് ഒറ്റ പാർട്ടിയെന്ന് വി ഡി സതീശൻ

Published : Mar 05, 2026, 06:36 PM IST
G Sudhakaran and VD Satheesan

Synopsis

പുതുയുഗ യാത്രയില്‍ ഉടനീളം സിപിഎമ്മില്‍ നിന്നും ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിലും യുഡിഎഫിലെ മറ്റു ഘടകകക്ഷികളിലും ചേരുകയാണ്. ഒരു സിപിഎമ്മുകാരനെങ്കിലും അംഗത്വം നല്‍കാതെ ഒരു നിയോജക മണ്ഡലവും പിന്നിട്ടിട്ടില്ലെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മുൻ മന്ത്രി ജി സുധാകരനുമായി വ്യക്തിബന്ധമുണ്ടെന്നും ബഹുമാനവും ആദരവുമുള്ള നേതാവാണ് അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയായിരുന്ന കാലത്തും ആദരവോടെ അല്ലാതെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹം വിമര്‍ശിക്കാറുണ്ടായിരുന്നെങ്കിലും അദ്ദേഹത്തോട് ആദരവാണ്. അദ്ദേഹം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് വ്യക്തിപരമായ തീരുമാനമാണ്. പുതുയുഗ യാത്രയില്‍ ഉടനീളം സിപിഎമ്മില്‍ നിന്നും ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിലും യുഡിഎഫിലെ മറ്റു ഘടകകക്ഷികളിലും ചേരുകയാണ്. ഒരു സിപിഎമ്മുകാരനെങ്കിലും അംഗത്വം നല്‍കാതെ ഒരു നിയോജക മണ്ഡലവും പിന്നിട്ടിട്ടില്ല. ശക്തികേന്ദ്രങ്ങളില്‍ പോലും സിപിഎമ്മും എല്‍ഡിഎഫും ശിഥിലീകരിക്കപ്പെടുകയാണ്. തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വന്നപ്പോള്‍ സിപിഎമ്മില്‍ എന്തൊക്കെയാണ് നടക്കുന്നത്? ഇപ്പുറത്ത് ഒറ്റ പാര്‍ട്ടിയായി ടീം യുഡിഎഫ് നില്‍ക്കുമ്പോഴാണ് എല്‍ഡിഎഫ് ശിഥിലമാകുന്നത്. പാലക്കാട് ജില്ലയില്‍ വിമതര്‍ കണ്‍വെന്‍ഷന്‍ നടത്തുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും എല്‍ഡിഎഫും സിപിഎമ്മും ശിഥിലമാവുകയാണെന്ന് വി ഡി സതീശൻ ആരോപിച്ചു.

പി കെ ശശി തെറ്റു ചെയ്തില്ലെന്ന സിപിഎം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ തുടര്‍ന്നതെന്നും വി ഡി സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിപ്പിച്ചത്. ഏത് സമയത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഒരു യുഡിഎഫ് ഘടകകക്ഷികളുടെ ആഭ്യന്തര പ്രശ്‌നങ്ങളിലും കോണ്‍ഗ്രസ് ഇടപെടില്ല. ഓരോ ഘടകകക്ഷികള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളിലും ആ പാര്‍ട്ടികളാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. അല്ലാതെ കോണ്‍ഗ്രസല്ല. ഏതെങ്കിലും കോണ്‍ഗ്രസുകാര്‍ അത്തരം കാര്യങ്ങളില്‍ ഇടപെട്ടാല്‍ നേതൃത്വം കര്‍ശന നടപടി സ്വീകരിക്കും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള സംവിധാനം യുഡിഎഫിനുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

ഇന്നത്തെ പരസ്യം; നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും

പബ്ലിക് റിലേഷന്‍സ് വകുപ്പിനെ എത്രത്തോളം അധപതിപ്പിക്കാമെന്നതിന്റെ ഉദാഹരണമാണ് ഇന്ന് വിവിധ പത്രങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ പരസ്യമെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സര്‍ക്കാരിന്റെ പണം ഉപയോഗിച്ചാണ് പത്ത് വര്‍ഷം മുന്‍പുള്ള നെഗറ്റീവ് വാര്‍ത്തകള്‍ മാത്രം ഉള്‍പ്പെടുത്തിയുള്ള പേജും ഈ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പേജും പരസ്യമായി നല്‍കിയത്. പിആര്‍ഡിയുടെ പരിമിതിക്കും അപ്പുറത്തേക്ക് പിആര്‍ഡി പോയിരിക്കുകയാണ്. നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും. രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് നാട്ടുകാരുടെ പണം എടുത്താണ് ഹീനമായ പരസ്യം നല്‍കുന്നത്. അല്ലാതെ ഇവരുടെ ആരുടെയും വീട്ടില്‍ നിന്നല്ല പണം നല്‍കുന്നത്. ഈ പരസ്യത്തിന്റെ പണം അടുത്ത സര്‍ക്കാരിന്റെ തലയിലേക്ക് വച്ചുകൊടുത്തിട്ടാണ് ഈ സര്‍ക്കാര്‍ പടിയിറങ്ങുന്നത്. ജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് നടത്തുന്നത് ഹീനമായ പ്രചരണമാണ്. ഇതിനെതിരെ നിയമപരവും രാഷ്ട്രീയവുമായ നടപടികള്‍ സ്വീകരിക്കും. പരസ്യം എന്ന് തോന്നാത്ത രീതിയില്‍ തരംതാണ പ്രചാരണമാണ് നടത്തിയത്. ഹീനമായ പ്രചാരണം നടത്തുന്നതിന്റെ പണം വേണ്ടെന്ന് തീരുമാനിച്ച മാധ്യമങ്ങളെ അഭിനന്ദിക്കുന്നു. സി.പി.എം മുഖപത്രമായ ദേശാഭിമാനിയിലെ വാര്‍ത്തയാണ് പരസ്യമായി ഉപയോഗിച്ചിരിക്കുന്നത്. പരസ്യമാണെന്ന് മനസിലാകാത്ത രീതിയില്‍ നല്‍കിയത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 4 രൂപ 29 പൈസയ്ക്ക് വൈദ്യുതി വാങ്ങാന്‍ ഉണ്ടാക്കിയ കരാര്‍ എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ സര്‍ക്കാര്‍ റദ്ദാക്കി. ഇപ്പോള്‍ എട്ട് രൂപ മുതല്‍ 14 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. ഒരു ദിവസം 25 കോടിയോളം രൂപയാണ് അഴിമതി ഇടപാടിലൂടെ വൈദ്യുതി ബോര്‍ഡിന് നഷ്ടമുണ്ടാക്കുന്നത്. കമ്മീഷന്‍ വാങ്ങുന്നതിനു വേണ്ടിയാണ് കരാര്‍ റദ്ദാക്കി മറ്റൊരു കമ്പനിയില്‍ നിന്നും ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നത്. പകല്‍ക്കൊള്ളയാണ് നടന്നത്. അതിനെ കുറിച്ച് പ്രതിപക്ഷം പറയുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'സിപിഎമ്മിന് കുടുംബാധിപത്യമാകാം'

തന്‍റെ പിആര്‍ സിപിഎം ഏറ്റെടുത്തിരിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു. എകെജി സെന്ററിലാണ് തനിക്ക് വേണ്ടിയുള്ള പിആര്‍ സംഘം ഇരിക്കുന്നത്. അവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി ഒരു വിഭാഗത്തെ പുറത്താക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ താന്‍ പേടിച്ചു പോയെന്നും അവരെ പുറത്താക്കിയാല്‍ തന്റെ കാര്യം മോശമാകുമെന്നും വി ഡി സതീശൻ പരിഹസിച്ചു. അവര്‍ തന്നെ ആക്രമിക്കട്ടെ. വികൃതമായ ചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. അത്രമാത്രം ദേഷ്യമാണ് തന്നോടുള്ളത്. കുട്ടികളെ പോലും പേടിപ്പിക്കുന്ന തരത്തില്‍ മുഖം വികൃതമാക്കുകയാണ്. സോഷ്യല്‍ മീഡിയിയില്‍ തന്നെ മാത്രം കാണുന്ന രീതിയില്‍ ആക്കിത്തന്നതില്‍ സന്തോഷമുണ്ടെന്നും സതീശൻ പറഞ്ഞു. സിപിഎമ്മിന് കുടുംബാധിപത്യമാകാം. കോണ്‍ഗ്രസിന് അത് പാടില്ലെന്നാണ് പറയുന്നത്. ചാണ്ടി ഉമ്മന്‍ രാജ്യമുഴുവന്‍ സഞ്ചരിച്ചു കൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്നു പറഞ്ഞ് ബഹളമുണ്ടാക്കിയ ആളുകളാണ് സിപിഎമ്മുകാര്‍. സിപിഎമ്മിന് എന്തും ആകാമെന്ന സ്ഥിതിയാണെന്നും വി ഡി സതീശൻ വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷത്തിൽ അതിശയോക്തി കലർത്തിയാൽ പ്രവാസികളുടെ കുടുംബങ്ങളെ ബാധിക്കും, വാർത്തകൾ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി
ഗാനമേളയ്ക്കിടെ പൂരത്തല്ല്, പിന്നില്‍ സിപിഎം ആണെന്ന് ബിജെപിയും ബിജെപിയാണെന്ന് സിപിഎമ്മും, 4പേര്‍ പിടിയിൽ