'യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടുന്നു'; സിപിഎമ്മിന് എതിരെ സതീശന്‍

By Web TeamFirst Published Sep 24, 2021, 12:42 PM IST
Highlights

ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണയ്ക്കും. 

തിരുവനന്തപുരം: സിപിഎം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (V D Satheesan). യുഡിഎഫിനെ (udf) ദുര്‍ബലപ്പെടുത്താന്‍ ഏത് ചെകുത്താനുമായും സിപിഎം കൂട്ടുകൂടുകയാണ്. കോട്ടയം ഈരാറ്റുപേട്ട നഗരസഭകളില്‍ ഇത് വ്യക്തമാണെന്നും സതീശന്‍ പറഞ്ഞു.  

യുഡിഎഫിന് എതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിൽ ബിജെപി ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന വാർത്തകളെ പരിഹസിച്ച് അബ്ദുറബ്ബും രംഗത്തെത്തി. കഴിഞ്ഞ വാരം ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫിനെതിരെ എസ്‍ഡിപിഐ ആയിരുന്നു സിപിഎമ്മിന്‍റെ ഒക്കച്ചങ്ങായി. എന്നാൽ കോട്ടയത്ത് എത്തിയപ്പോൾ ഇത് ബിജെപിയായി എന്നുമാത്രം. വർഗീയ കക്ഷികൾ ഏതുമാവട്ടെ യുഡിഎഫിനെ തകർക്കാൻ അവരൊക്കെ സിപിഎമ്മിന്  ഒക്കച്ചങ്ങായിമാരാണെന്നാണ് അബ്ദുറബ്ബിന്‍റെ പരിഹാസം. 

ഭരണസ്തംഭനം ആരോപിച്ച് കോട്ടയം നഗരസഭയിൽ എൽഡിഎഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനാണ് ബിജെപി തീരുമാനം. അതേസമയം അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഡിസിസി പ്രസിഡന്‍റ് നേരിട്ട് വിപ്പ് നല്‍കിയിരിക്കുയാണ്. യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമുള്ള നഗരസഭയിൽ എട്ട് പേരുള്ള ബിജെപിയുടെ നിലപാട് നിർണായകമാണ്.

കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തങ്ങൾക്ക് അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. കോൺഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച ശേഷം യുഡിഎഫില്‍ തിരിച്ചെത്തിയാണ് ബിൻസി സെബാസ്റ്റ്യൻ നഗരസഭ ചെയർപേഴ്സൻ ആയത്. ആകെ 52 അംഗങ്ങൾ ഉള്ള നഗരസഭയിൽ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസ്സാവാൻ വേണ്ടത്.

click me!