പണം നല്‍കാത്തതിനാല്‍ ചവറ മുഖംമൂടിമുക്കിൽ 10 കോടി ചിലവാക്കി നിർമ്മിച്ച കൺവെൻഷൻ സെന്ററില്‍ കൊടി കുത്തുമെന്നാണ് ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിന്‍റെ ഫോണ്‍ സന്ദേശം. 

കൊല്ലം: സിപിഎം രക്തസാക്ഷി സ്‍മാരക നിർമ്മാണത്തിന് പണം നൽകിയില്ലെങ്കിൽ വ്യവസായ സ്ഥാപനത്തിന് മുന്നിൽ കൊടികുത്തുമെന്ന് ഭീഷണി. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു വ്യവസായിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നു. പൊതുജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന ആഹ്വാനം സിപിഎമ്മും സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുമെന്ന പ്രഖ്യാപനം സർക്കാരും നടത്തുന്നതിനിടയിലാണ് വ്യവസായിയോടുള്ള സിപിഎം നേതാവിന്‍റെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം പുറത്തുവരുന്നത്.

പാർട്ടിക്ക് രക്തസാക്ഷി സ്മാരകം പണിയാൻ പതിനായിരം രൂപ തരണം. അല്ലെങ്കില്‍ 10 കോടി ചെലവിട്ട് നിർമ്മിച്ച കൺവെൻഷൻ സെന്‍ററിന് മുന്നിൽ പാർട്ടി കൊടി കുത്തുമെന്നാണ് ബിജു, വ്യവസായി ഷാഹി വിജയനെ ഭീഷണിപ്പെടുത്തിയത്. സിപിഎം നേതാവിന്‍റെ ഭീഷണിക്ക് പിന്നാലെ വില്ലേജ് ഓഫിസർ കൺവെൻഷൻ സെന്ററിലെത്തി ഭൂമി പരിശോധനയും നടത്തി.

രണ്ടു വർഷം മുമ്പ് നൽകാമെന്ന് ഏറ്റിരുന്ന പണം ചോദിക്കുക മാത്രമാണ് ഉണ്ടായതെന്ന് ബിജു വിശദീകരിക്കുന്നു. പാർട്ടി ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രവാസി വ്യവസായി തെറ്റിദ്ധരിച്ചതാകാമെന്നും ഏരിയാ നേതൃത്വവും വിശദീകരിച്ചതോടെ വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയ്ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന സൂചനയാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എങ്കിലും ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രവാസി വ്യവസായി ഷാഹിയും കുടുംബവും .

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona