
തിരുവനന്തപുരം: ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ (K Sudhakaran) ഇന്ന് കാണുമെന്ന് വി ഡി സതീശൻ (V D Satheesan). എല്ലാ ദിവസവും കെപിസിസി അധ്യക്ഷനുമായി സംസാരിക്കാറുണ്ട്. ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ക്ക് തര്‍ക്കമുണ്ടെങ്കില്‍ പരിഹാരമുണ്ടാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. വിവാദങ്ങളില്‍ കെ സി വേണുഗോപിലിന് റോളില്ലെന്നും സതീശന്‍ വിശദീകരിച്ചു. കെ സി വേണുഗോപാല്‍ ഇടപെട്ടതായി പരാതിയില്ല. കെ സി വേണുഗോപാൽ അഖിലേന്ത്യാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്. സംഘടനാ കാര്യങ്ങളിൽ അദ്ദേഹം ഇടപെടും. പ്രശ്നങ്ങൾ ഒഴിവാക്കാനാണ് കെ സി വേണുഗോപാൽ ശ്രമിക്കുന്നത്. അത്തരം നിർദേശങ്ങൾ ആണ് അദ്ദേഹം നൽകുന്നതെന്നും സതീശന്‍ പറഞ്ഞു.
പരിധി വിട്ടുപോയാല്‍ എന്ത് ചെയ്യണമെന്നറിയാം. താന്‍ ഒരു ഗ്രൂപ്പിലുമുണ്ടാകില്ല. തെറ്റായ വാര്‍ത്ത ഫീഡ് ചെയ്യുന്ന സംഘം തിരുവനന്തപുരത്തുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്നെയും കെ സുധാകരനെയും തമ്മിൽ തെറ്റിക്കാൻ കോൺഗ്രസിനുള്ളിൽ ശ്രമം നടക്കുന്നുണ്ടെന്ന് സതീശന്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഇപ്പോൾ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിൽ. താൻ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവർ നടത്തുന്നു. ഈ നേതാക്കൾക്ക് പാർട്ടിയോട് ഒരു കൂറും ഇല്ല. അവർ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയിൽ മനസിലാക്കുകയാണ് വേണ്ടത്. മുരളീധരനും ചെന്നിത്തലയും എല്ലാം പറഞ്ഞു തീർത്തത് നല്ലതാണ്. പുനസംഘടനയിൽ അതൃപ്തി അറിയിച്ച് എംപിമാർ കത്ത് അയച്ചതിൽ തെറ്റില്ല. പ്രശ്നങ്ങൾ പരിഹരിച്ച് രണ്ട് ദിവസത്തിനകം പട്ടിക പുറത്തുവിടുമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.
ഏതെങ്കിലും ഗ്രൂപ്പിന്‍റെ ഭാഗമാകേണ്ടിവന്നാൽ അധികാരസ്ഥാനം വിടുമെന്നാണ് വിഡി സതീശൻ ഇന്നലെ പറഞ്ഞത്. തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. ഇതിന് പിന്നിലുള്ള ശക്തി ആരെന്ന് ആറിയാം. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാകില്ലെന്നും സതീശന്‍ പറഞ്ഞിരുന്നു. സുധാകരനുമായി അനുരജ്ഞനത്തിലെത്തി ഡിസിസി പട്ടിക പ്രഖ്യാപിക്കാനാണ് സതീശന്‍റെ നീക്കം. പട്ടിക നീളുന്നതിലെ അപകടം കൂടി കണ്ടാണ് ശ്രമം. എംപിമാർ പരാതി ഉന്നയിച്ചെന്ന് കാണിച്ചാണ് ഹൈക്കമാൻഡ് പുനസംഘടന നിർത്തിവെപ്പിച്ചത്. പുനസംഘടന നിർത്തി വെച്ച ഹൈക്കമാന്‍ഡ് നടപടിയിൽ കെപിസിസി പ്രസിഡന്‍റിന് കടുത്ത അതൃപ്തിയാണുള്ളത്. എല്ലാവരുമായും ചർച്ച നടത്തിയിട്ടും എംപിമാരുടെ പരാതി ഉണ്ടെന്ന് പറഞ്ഞ് പട്ടിക തടഞ്ഞതിൽ ആണ് അമർഷം. നോക്കുകുത്തി ആയി തുടരാൻ ഇല്ലെന്നാണ് സുധാകരൻ എഐസിസി നേതൃത്വത്തെ അറിയിച്ചത്. കെ സി വേണുഗോപാലും വി ഡി സതീശനും തന്നെ മറയാക്കി പാർട്ടി പിടിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധാകരന്‍റെ സംശയം
അതേസമയം സതീശനും വേണുഗോപാലിനുമെതിരായ നീക്കത്തിൽ സുധാകരനൊപ്പം പഴയ ഐ ഗ്രൂപ്പു നേതാക്കൾ യോജിച്ചു. തമ്മിലെ പ്രശ്നം കൂടി തീർത്താണ് ചെന്നിത്തലയും മുരളിയും കെപിസിസി പ്രസിഡന്‍റിനെ പിന്തുണക്കുന്നത്. പട്ടികക്കെതിരായ പരാതികൾ ഐ ഗ്രൂപ്പ് തള്ളുമ്പോൾ കരട് പട്ടികയിൽ പരാതികളുണ്ടെന്നും അത് തീർക്കണമെന്നുമാണ് എ ഗ്രൂപ്പ് നിലപാട്. സംഘടനാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നിൽക്കെ ഡിസിസി പുനസംഘടനയിലൂടെ പദവി ലഭിക്കുന്നവർക്ക് പ്രവർത്തനത്തിന് കുറഞ്ഞ സമയം മാത്രമേ കിട്ടു. താൽക്കാലിക സംവിധാനത്തിന് രൂപം നൽകാൻ പോലും സമവായം നീളുന്നതിൽ എഐസിസിക്കും അണികൾക്കും അമർഷമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam