
തിരുവനന്തപുരം : യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മരണത്തിലെ ദുരൂഹത നീക്കണമെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും കത്തിൽ വി ഡി സതീശൻ ആവശ്യപ്പെട്ടു.
കത്തിന്റെ പൂർണ രൂപം
2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആൽത്തറയിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മ്യൂസിയം പോലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.
നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ ഇപ്പോൾ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. അടിവയറ്റിൽ ക്ഷതമേറ്റിരുന്നതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്‌സിയോഫീലിയ യാണ് മരണകാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തൽ.
ബന്ധുക്കളും സുഹൃത്തുക്കളും നയനയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുകയും ഫോറൻസിക് റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് വർഷത്തിന് ശേഷമാണ് ഇക്കാര്യങ്ങളെല്ലാം പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ നയന സൂര്യയുടെ മരണത്തിൽ പുനരന്വേഷണത്തിന് ഉത്തരവുണ്ടാകണമെന്ന് താൽപര്യപ്പെടുന്നു.
ഡിസിആർബി അസി. കമ്മീഷണർ അന്വേഷിക്കും
നയനയുടെ മരണവുമായി ബന്ധപ്പെട്ട കേസ് ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിൽ അന്വേഷിക്കും. നയനയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയാരോപിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ 2019 ഫെബ്രുവരി 24 നാണ് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നു വർഷം മുൻപുണ്ടായ മരണത്തിലെ ദുരൂഹതകൾ നീക്കാൻ ഇതുവരെ പൊലീസിനായിട്ടില്ലെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാട്ടി സുഹൃത്തുക്കളാണ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. നയനയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയ പാട്, വയറ്റിൽ ക്ഷതമേറ്റുള്ള ആന്തരിക സ്രാവം ഇവ വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് സംശയങ്ങളെ ശക്തമാക്കുന്നത്.
Read More : 'മരിക്കുന്നതിന് നാല് ദിവസം മുന്‍പ് നയന സൂര്യന്‍ പറഞ്ഞു; ആ ഡോക്യുമെന്‍ററി നമുക്ക് പൂര്‍ത്തിയാക്കിയേ പറ്റൂ'