Asianet News MalayalamAsianet News Malayalam

'മരിക്കുന്നതിന് നാല് ദിവസം മുന്‍പ് നയന സൂര്യന്‍ പറഞ്ഞു; ആ ഡോക്യുമെന്‍ററി നമുക്ക് പൂര്‍ത്തിയാക്കിയേ പറ്റൂ'

'ഈ തിങ്കളാഴ്ച കാണാമെന്ന് പറഞ്ഞ അവസാനിപ്പിച്ച ഫോണ്‍ കോള്‍, എന്നാല്‍ ഈ തിങ്കളാഴ്ച ഞാനിതാ ഇവിടെ'...

ravi menon says that nayana sooryan talked about a documentary four days before her death
Author
Trivandrum, First Published Feb 25, 2019, 1:23 PM IST

ലെനിന്‍ രാജേന്ദ്രന്‍റെ സന്തത സഹചാരിയായിരുന്ന സംവിധായിക നയന സൂര്യന്‍റെ പെട്ടെന്നുള്ള മരണം സുഹൃത്തുക്കള്‍ക്കും ചലച്ചിത്ര മേഖലകളിലുള്ളവര്‍ക്കും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. ലെനിൻ രാജേന്ദ്രൻ വിടവാങ്ങി 41 ദിവസം പിന്നിടുമ്പോൾ തന്‍റെ ഇരുപത്തിയൊൻപതാം പിറന്നാൾ ദിനത്തിലാണ് നയനയും യാത്രയായത്.  നയന സൂര്യനെക്കുറിച്ച് എഴുത്തുകാരന്‍ രവി മേനോന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഗുരുവിനോടുള്ള ശിഷ്യയുടെ ആത്മബന്ധത്തെ കുറിക്കുന്നതാണ്.

ദേവരാജന്‍ മാസ്റ്ററെക്കുറിച്ച് ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങിവെച്ച് അവസാനിപ്പിക്കാന്‍ കഴിയാതെ പോയ ഡോക്യുമെന്‍ററിയുടെ ചര്‍ച്ചക്ക് വേണ്ടി തിങ്കളാഴ്ച കാണാമെന്ന് നയന പറഞ്ഞിരുന്നു. എന്നാല്‍  ഈ തിങ്കളാഴ്ച വേദനയോടെ നയനയെ ഓര്‍ക്കുന്നുവെന്നാണ് രവി മേനോന്‍ എഫ്ബിയില്‍ കുറിച്ചിരിക്കുന്നത്.

ഇന്നായിരുന്നു ആ തിങ്കളാഴ്ച 

ജീവിതത്തിലെ ``ട്വിസ്റ്റുകൾ'' ചിലപ്പോൾ എത്ര വിചിത്രം, ക്രൂരം. സിനിമയെപ്പോലും അതിശയിക്കും അവ.

അവസാനമായി നയന വിളിച്ചത് അഞ്ചു ദിവസം മുൻപാണ്. ദേവരാജൻ മാസ്റ്ററെ കുറിച്ച് ലെനിൻ രാജേന്ദ്രൻ തുടങ്ങിവെച്ച ഡോക്യുമെന്‍ററി എത്രയും വേഗം പൂർത്തിയാക്കാൻ സഹായിക്കണം. അതാണാവശ്യം. അര മണിക്കൂർ ദൈർഘ്യം വേണ്ട ഡോക്യുമെന്‍ററിക്ക് വേണ്ടി മണിക്കൂറുകൾ നീളുന്ന റഷസ് ആണ് ലെനിൻ ഷൂട്ട് ചെയ്തു വെച്ചിരിക്കുന്നത്. ``സാറിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആ ചിത്രം പൂർത്തിയാക്കി പ്രദർശിപ്പിക്കണമെന്ന്.'' നയന പറഞ്ഞു. ``അപ്പോളോയിലെ ഐ സി യുവിൽ കിടക്കുമ്പോഴും അതിനെ കുറിച്ച് ഇടക്കിടെ സംസാരിച്ചിരുന്നു. ഷൂട്ട് ചെയ്ത ഭാഗം കണ്ട് ചേട്ടൻ ഒരു സ്ക്രിപ്റ്റ് എഴുതിത്തന്നാൽ നമുക്ക് എത്രയും വേഗം പണി തുടങ്ങാം..''

അതൊരു അധികപ്രസംഗവില്ലേ നയന?-- എന്‍റെ മറുചോദ്യം. ``വളരെ വ്യത്യസ്തമായ കാഴ്ചപ്പാടോടെ ആണ് ആ ഡോക്യുമെന്‍ററി ചെയ്യുക എന്നാണ് ലെനിൻജി എന്നോട് പറഞ്ഞത്. പതിവ് ചിട്ടവട്ടങ്ങൾ ഒന്നും ഉണ്ടാവില്ല. സിനിമയിലെ ഗാനരംഗങ്ങൾ പോലും. ലെനിൻജി മനസ്സിൽ കണ്ടത് എന്തെന്ന് നമ്മൾ എങ്ങനെ അറിയും? അതറിയാതെ എങ്ങനെ സ്ക്രിപ്റ്റ് എഴുതും?''

ഫോണിന്‍റെ മറുതലയ്ക്കൽ നീണ്ട മൗനം.``ശരിയാണ് ചേട്ടാ. സാറിന്‍റെ മനസ്സിലുള്ളത് നമുക്ക് സങ്കൽപ്പിച്ചെടുക്കാൻ പോലും പറ്റില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് തന്നെ അദ്ദേഹത്തതിന്‍റെ ഉള്ളിലെ സ്‌ക്രീനിൽ സിനിമ ഓടുന്നുണ്ടാകും. എങ്കിലും ഈ ഡോക്യുമെന്‍ററി നമുക്ക് തീർത്തേ പറ്റൂ. ഇതിന്‍റെ വർക്ക് തുടങ്ങുന്ന കാലം മുതൽ കാര്യങ്ങളൊക്കെ ചേട്ടനുമായി ഡിസ്കസ് ചെയ്തിട്ടുണ്ടല്ലോ. ആ ഓർമ്മയിൽ ഒരു സ്ക്രിപ്റ്റ് എഴുതിത്തന്നാൽ മതി...''ഒരു നിമിഷം നിർത്തി നയന പറഞ്ഞു: ``സാറിന് വേണ്ടി ഇതെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ എന്തിന് ഇത്രകാലം അദ്ദേഹത്തിന്‍റെ അസിസ്റ്റന്‍റ് ആയി കൂടെ നടന്നു...'' ആ വാക്കുകളിൽ നിന്ന് നിശബ്ദമായ ഒരു കരച്ചിൽ വായിച്ചെടുക്കാമായിരുന്നു എനിക്ക്. സമ്മതിക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല പിന്നെ.

``ഷൂട്ട് ചെയ്ത ഭാഗങ്ങൾ ആദ്യം നമുക്ക് ഒന്ന് കണ്ടുനോക്കാം. കുറെ നേരം വേണ്ടിവരും''- നയന പറഞ്ഞു. `` ഏതായാലും തിങ്കളാഴ്ച്ച ഞാൻ ചേട്ടന്‍റെ ഓഫീസിൽ വരുന്നുണ്ട്. അത് കഴിഞ്ഞു തീരുമാനിക്കാം. എത്രയും പെട്ടെന്ന് വേണം.'' ശരി എന്ന് ഞാൻ.

ഇന്നായിരുന്നു ആ തിങ്കളാഴ്ച്ച. വേദനയോടെ നയനയെ ഓർത്തുകൊണ്ട് ഞാനിതാ ഇവിടെ. നയനയാകട്ടെ സ്ക്രിപ്റ്റുകൾ എല്ലാം അപ്രസക്തമാക്കി എങ്ങോ, എവിടെയോ

Follow Us:
Download App:
  • android
  • ios