ജനങ്ങളോടുള്ള വെല്ലുവിളി; തുടങ്ങിവെച്ച സമരത്തിൽനിന്ന് ഒളിച്ചോടില്ല, ഫേസ്ബുക്ക് പോസ്റ്റുമായി വി കുഞ്ഞികൃഷ്ണൻ

Published : Mar 19, 2026, 05:06 PM IST
V Kunhikrishnan

Synopsis

പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരായ ഫണ്ട് വെട്ടിപ്പ് ആരോപണത്തിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് താൻ എന്തുകൊണ്ട് വിമതനായി മത്സരിക്കുന്നുവെന്ന് വിശദീകരിക്കുകയാണ് മുൻ സിപിഎം ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണൻ. 

കണ്ണൂർ: പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ചതിനു പിന്നാലെ പാർട്ടിയിൽനിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് വി കുഞ്ഞികൃഷ്ണൻ. മുൻ സിപിഎം പയ്യന്നൂർ‌ ഏരിയ സെക്രട്ടറിയായിരുന്ന അദേഹം, ആരോപണം നിലനിൽക്കുമ്പോഴും ടിഐ മധുസുദനനെ എംഎൽഎ സ്ഥാനാർഥിയാക്കിയതിൽ‌ പ്രതിഷേധിച്ച് വിമതനായി മത്സരിക്കാൻ തയ്യാറാകുകയായിരുന്നു. എന്നാൽ ഇപ്പോൾ താൻ എന്തുകൊണ്ട് മത്സരിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രം​ഗത്ത് എത്തിയിരിക്കുന്നത്.

എന്തിന് മത്സരിക്കണം?

ഞാൻ ഇതേവരെ ഒരു പൊതു തെരഞ്ഞെടുപ്പിലും മത്സരിച്ച ആളല്ല. നേരത്തെ മത്സരിക്കാൻ ആലോചിച്ചിരുന്ന ആളുമല്ല. എന്നിട്ടും ഞാനിപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിക്കേണ്ടി വന്നു. അതിൻ്റെ കാരണങ്ങൾ‌ ജനങ്ങളോട് പറയാണ് എനിക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ 5 വർഷമായി സിപിഎമ്മിനകത്ത് പയ്യന്നൂരിൽ നടന്ന വൻ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ സമരത്തിലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. രക്തസാക്ഷി ഫണ്ട്‌ ഉൾപ്പെടെയുണ്ട് എന്ന കാര്യമാണ് തന്നെ ഏറെ ചിന്തിപ്പിച്ചതും പ്രയാസപ്പെടുത്തിയതും. പക്ഷെ ഒരിക്കൽ പോലും പാർട്ടി നേതൃത്വം അഴിമതിക്കാരനെ മാതൃകാപരമായി ശിക്ഷിക്കാനുള്ള ആലോചന നടത്തിയില്ല. മാത്രമല്ല സത്യം പൂർണ്ണമായി മനസ്സിലാക്കിയിട്ടും അവർ അഴിമതിക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് യോജിച്ച നിലപാടല്ല എന്നും വി കുഞ്ഞികൃഷ്ണൻ പറയുന്നു.

ജനങ്ങളോട് വിളിച്ചുപറയാനുണ്ടായ കാരണം

പാർട്ടി ഘടകത്തിനകത്തും നിരവധി ഉയർന്ന പാർട്ടി നേതാക്കളുടെ മുന്നിലും തെളിവ് സഹിതം കാര്യങ്ങൾ അവതരിപ്പിച്ചിട്ടും ഒരു ഫലവുമില്ലെന്ന് കണ്ടപ്പോഴാണ് സത്യം ജനങ്ങളോട് വിളിച്ച് പറയാൻ തീരുമാനിച്ചതും പുസ്തകം പ്രസിദ്ധീകരിച്ചതും. ജനങ്ങളോടും കമ്മ്യൂണിസ്റ്റ് ധാർമ്മികതയോടും വിധേയപ്പെട്ടു നിൽക്കുന്ന എനിക്ക് മറ്റ് വഴിയില്ലായിരുന്നുവെന്നും വി കുഞ്ഞികൃഷണൻ പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയെ നശിപ്പിക്കുന്നതും ജനങ്ങളെ വഞ്ചിക്കുന്നതും ഞാനല്ല, അഴിമതിക്കാരാണ്. ഇത് പാർട്ടി പ്രവർത്തകരും അണികളും തിരിച്ചറിയുമെന്ന് തന്നെയാണ് എൻ്റെ വിശ്വാസമെന്നും വി കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർക്കുന്നു.

ജനങ്ങളോടുള്ള വെല്ലുവിളി

പയ്യന്നൂരും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി പാർട്ടി പ്രവർത്തകരും അനുഭാവികളും കഴിഞ്ഞ കുറേ ദിവസങ്ങളായി എന്നെ വിളിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ഈ പോരാട്ടം മുന്നോടു കൊണ്ടു പോകണമെന്നും പറഞ്ഞിട്ടുണ്ട്. അപ്പോഴൊന്നും ഒരു തീരുമാനവും എടുത്തിരുന്നില്ല. എന്നാൽ ആരോപണ വിധേയനെ തന്നെ ജനങ്ങളോടുള്ള വെല്ലുവിളിയെന്നോണം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ, തുടങ്ങി വെച്ച സമരത്തിൽ നിന്നും ഒളിച്ചോടുന്നത് ശരിയല്ല എന്ന് മനസ് പറഞ്ഞെന്നും, അങ്ങനെയാണ് തെരഞ്ഞെടുപ്പിൻ മത്സരിക്കാൻ തീരുമാനിക്കുന്നതെന്നും വി കുഞ്ഞികൃഷ്ണൻ പറയുന്നു. ആളും അർത്ഥവും ആരവങ്ങളും ഒക്കെ പരിമിതമാണെന്നറിയാം. എങ്കിലും കഴിയുന്ന സ്ഥലങ്ങളിലെല്ലാം ജനങ്ങളോട് സത്യം വിളിച്ച് പറയും. ഈ പരിമിതി ജനങ്ങൾ മനസ്സിലാക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

"അഴിമതിക്കെതിരെ സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം" എന്ന നിലയിലാണ് ഞാനിതിനെ കാണുന്നത്. സത്യം വിജയിച്ച് കാണണം എന്നാഗ്രഹിക്കുന്ന എല്ലാവരും ഈ സാഹചര്യത്തിൻ്റെ പ്രാധാന്യം തിരിച്ചറിയുമെന്നും സത്യത്തിൻ്റെ പക്ഷം ചേരുമെന്നും വിശ്വസിക്കുന്നു. ഞാൻ ഉയർത്തുന്ന കാര്യങ്ങളോട് യോജിക്കുന്ന മറ്റ് വ്യക്തികളുടെയും സംഘടനകളുടെയും സഹായവും ഈ കാര്യത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് വി കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജിവെക്കാനൊരുങ്ങിയ കെഎസ്‌യു അധ്യക്ഷനെ അനുനയിപ്പിച്ച് സണ്ണി ജോസഫ്; പുറത്തുവന്ന വാർത്ത അവാസ്‌തവമെന്ന് അലോഷ്യസ് സേവ്യർ
ഡിസിസി അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി; നേതൃത്വത്തിന് മുന്‍പാകെ ഉപാധി, ഉറപ്പ് നൽകാതെ കെപിസിസി