നസീര്‍ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനുവേണ്ടിയെന്ന് വി മുരളീധരന്‍

By Web TeamFirst Published Jun 2, 2019, 6:36 PM IST
Highlights

അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു എന്ന് വിലയിരുത്തുമ്പോള്‍തന്നെ മറുവശത്ത് അക്രമികളെ സംരക്ഷിക്കുന്നതിലൂടെ ജനഹിതത്തെ സി.പി.എം. വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരന്‍

വടകര: വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി പി എം വിമതന്‍ സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടിയാണ് വധശ്രമം സംബന്ധിച്ച കേസന്വേഷണം അട്ടിമറിക്കുന്നതെന്നും മുരളിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മുരളിധരന്‍റെ കുറിപ്പ്

നസീര്‍ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സി.പി.എം. മുന്‍ നേതാവുമായ സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നത് ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിയപ്പെട്ടവനായ ജനപ്രതിനിധിക്കുവേണ്ടി. തന്നെ വധിക്കാന്‍ നടന്ന ശ്രമത്തിനു പിന്നില്‍ തലശേരിയിലെ ജനപ്രതിനിധിക്കു പങ്കുണ്ടെന്ന് നസീര്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഇക്കാര്യത്തിലുള്ള പൊലിസ് അന്വേഷണം വഴിമുട്ടിയത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനായ നേതാവാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ടാണ് നസീര്‍ വധശ്രമം അന്വേഷണം മുടങ്ങിയത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും പ്രത്യേക താല്‍പര്യമാണ് ഇതിനു പിന്നില്‍. 
അക്രമരാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചു എന്ന് വിലയിരുത്തുമ്പോള്‍തന്നെ മറുവശത്ത് അക്രമികളെ സംരക്ഷിക്കുന്നതിലൂടെ ജനഹിതത്തെ സി.പി.എം. വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്. ജനാഭിപ്രായത്തെ മാനിക്കാതെ മുന്നോട്ടുപോകുന്ന സി.പി.എം. ജനങ്ങളുടെ പാര്‍ട്ടിയല്ല ജനവിരുദ്ധ പാര്‍ട്ടയാണെന്ന് ഇതിലൂടെ തെളിയുന്നു. 
തങ്ങള്‍തന്നെ നടത്തിയ വിലയിരുത്തലുകളെയും ജനഹിതത്തെയും അല്‍പ്പമെങ്കിലും വിലവയ്ക്കുന്നെങ്കില്‍ നസീര്‍ വധക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനു പകരം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും അവര്‍ക്കെതിരേ മുഖംനോക്കാതെ നടപടിയെടുക്കാനും സി.പി.എമ്മും അവര്‍ നയിക്കുന്ന സര്‍ക്കാരും തയാറാകണം.

 

click me!